ഒമിക്രോൻ സംബന്ധിച്ച് നവമാധ്യമങ്ങളിൽ വ്യാജ സന്ദേശം; വിശ്വസിക്കരുതെന്ന് ഡോക്ടര്‍
നേരത്തെയും ഡോക്ടർ പി പി വേണുഗോപാലിന്‍റെ പേരിൽ നവ മാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു

കോഴിക്കോട്: കൊവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോൻ (Omicron variant ) ലോകത്ത് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരങ്ങളും സജീവമാകുകയാണ്. കോഴിക്കോട് (Kozhikode) ആസ്റ്റർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവി ഡോ. പിപി വേണുഗോപാലിന്‍റെ (Dr.PP Venugopal) സന്ദേശമെന്ന പേരിലാണ് നവമാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇതിനെതിരെ ഡോക്ടർ പൊലീസിൽ (Police) പരാതി നൽകി
നേരത്തെയും ഡോക്ടർ പി പി വേണുഗോപാലിന്‍റെ പേരിൽ നവ മാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് ആ സന്ദേശം ഇംഗ്ലീഷിലും മലയാളത്തിലുമാണ് പ്രചരിച്ചിരുന്നത്. അന്നും ഡോക്ടർ സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ ഒമിക്രോൻ റിപ്പോർട്ട് ചെയ്തതോടെ വീണ്ടും വ്യാജ സന്ദേശം പ്രചരിക്കുകയാണ്. രണ്ടാം തരംഗത്തേക്കാൾ അപകടകരമാണ് മൂന്നാം തരംഗമെന്നും കൂടുതൽ ജാഗ്രത വേണമെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന സന്ദേശം. ചില ഓൺലൈൻ മാധ്യമങ്ങളും ഡോക്ടറുടെ സന്ദേശമെന്ന പേരിൽ വാർത്ത നൽകിയിട്ടുണ്ട്. എന്നാൽ ഇത് പ്രചരിപ്പിക്കരുത് എന്ന് ഡോക്ടർ പറഞ്ഞു.