Asianet News MalayalamAsianet News Malayalam

'ഓടി വരും, കൈ തരും, ഒപ്പം നടക്കും', വേദനയിലും ആ പട്ടിക്കുട്ടി ഇവിടെ സുരക്ഷിതയാണ്

''പേരിട്ടിട്ടില്ല. ഭാവിയിൽ ആരെങ്കിലും ദത്തെടുത്താൽ അവര് പേരിടുമെന്നാണ് കരുതുന്നത്. എന്തായിരുന്നു ഇവളെ വിളിച്ചിരുന്നതെന്നും അറിയില്ലല്ലോ. എടീയെന്ന് വിളിക്കുമ്പോൾ പിന്നിൽ നിന്ന് മാറുന്നില്ല''

dog dragged at kochi is now safe in daya animal shelter home
Author
Kochi, First Published Dec 12, 2020, 1:21 PM IST

കൊച്ചി: ''എടീയെന്ന് വിളിക്കുമ്പോൾ പിന്നിൽ നിന്ന് മാറുന്നില്ല. ഓടി വരും. ഇന്നലെ മുതൽ കയ്യൊക്കെ തരുന്നുണ്ട്. ഭക്ഷണം കൊടുക്കുമ്പോ സന്തോഷമാണ്. ഷേക്ക് ഹാൻഡൊക്കെ തന്ന് എന്‍റെ പിന്നാലെ നടന്ന് കിടക്കയിൽ കിടന്നു, പിന്നെ സെറ്റിയിൽ കിടന്നു. നമ്മളെ വിട്ട് പോകാതെ നടക്കുവാണ്'', കൊച്ചിയിലെ ദയ എന്ന ആനിമൽ വെൽഫെയർ അസോസിയേഷനിലെ പ്രവർത്തകർക്ക് ആ കുഞ്ഞ് പട്ടിയെക്കുറിച്ച് നൂറുനാവാണ്. കിലോമീറ്ററോളം കെട്ടിവലിച്ചതിന്‍റെ വേദനയും നല്ല മുറിവുകളുമുണ്ടെങ്കിലും അവളവിടെ സുരക്ഷിതയാണ്. അതിന്‍റെ ആശ്വാസം അവളുടെ മുഖത്ത് കാണാം. ദേഹത്ത് തടവുമ്പോൾ വാലാട്ടി സന്തോഷത്തോടെ ഇരിക്കുകയാണ് ഉടമയുടെ ക്രൂരമായ പീഡനത്തിനിരയായ മൂന്ന് വയസ്സോളം പ്രായമുള്ള ആ പട്ടിക്കുട്ടി. 

എറണാകുളം പറവൂരിൽ ഈ പട്ടിക്കുട്ടിയുടെ കഴുത്തിൽ കയർ‍ കുരുക്കിയ ശേഷം റോഡിലൂടെ കാറിൽ കെട്ടിവലിച്ചത് ഉടമ തന്നെയാണ്. ഇന്നലെ രാവിലെ നാട്ടുകാരാണ് മിണ്ടാപ്രാണിയോട് കാണിച്ച ഈ കണ്ണില്ലാത്ത ക്രൂരത കണ്ട് വാഹനം തടഞ്ഞുനിർത്തി ഈ പട്ടിക്കുട്ടിയെ രക്ഷിച്ചത്. ഒളിവിൽപ്പോയ ഉടമ എറണാകുളം കുന്നുകര ചാലാക്ക സ്വദേശി യൂസഫിനെ വൈകിട്ടോടെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കുടുംബത്തിന് ഇഷ്ടമില്ലാത്തതിനാൽ നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്നാണ് യൂസഫ് മൊഴി നൽകിയത്. 

അതിന് ശേഷം ദേഹത്ത് ഗുരുതരമായി പരിക്കേറ്റ ഈ പട്ടിക്കുട്ടിയുടെ താൽക്കാലിക സംരക്ഷണം ദയ എന്ന ആനിമൽ വെൽഫെയർ അസോസിയേഷൻ ഏറ്റെടുക്കുകയായിരുന്നു. അവളുടെ ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടെന്ന് ദയയിലെ പ്രവർത്തകർ പറയുന്നു. ''അത്രയധികം നേരം റോഡിൽ കെട്ടിവലിച്ചതിന്‍റെ അത്യാവശ്യം ഗുരുതരമായ മുറിവുകളുണ്ട്. ആരോഗ്യപരമായി നല്ല അവസ്ഥയിലാണെന്ന് പറയാൻ പറ്റില്ല. മസിലുകൾക്ക് ബലക്ഷയം വന്നിട്ടുണ്ട്. മുപ്പത് കിലോമീറ്ററിലധികം സ്പീഡിൽ വണ്ടിയോടിച്ചിട്ടുണ്ട്. അതുകൊണ്ട് റോഡിൽ തളർന്നുവീണതല്ലേ. എല്ലൊക്കെ പുറത്തുകാണുന്ന സ്ഥിതിയാണ്. ആരോഗ്യം തീരെ മോശമാണ്. ഭക്ഷണമൊന്നും കൃത്യമായിട്ട് കിട്ടിയില്ലെന്നാണ് തോന്നുന്നത്. ഭക്ഷണം കൊടുക്കുമ്പോൾ കൊതിയോടെ കഴിക്കുകയാണ്'', എന്ന് ദയയെ പരിചരിക്കുന്നവർ പറയുന്നു. 

മുറിവുകൾ പെട്ടെന്ന് തന്നെ ഉണങ്ങാൻ അവൾക്ക് മരുന്നുകൾ കൊടുക്കുന്നുണ്ട്. തൃപ്പൂണിത്തറയിലേക്കാണ് ഇനി അവളെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നത്. നിലവിൽ ഈ പട്ടിക്കുട്ടി സുരക്ഷിതയാണ്. വളരെ സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്നും പൂർണ ആരോഗ്യവതിയായി മാറും ഉടൻ തന്നെയെന്നാണ് പ്രതീക്ഷയെന്നും ദയയിലെ പ്രവർത്തകർ.

ആരെങ്കിലും വരുമോ ഇവളെ ദത്തെടുക്കാൻ? 

''പേരിട്ടിട്ടില്ല. ഭാവിയിൽ ആരെങ്കിലും ദത്തെടുത്താൽ അവര് പേരിടുമെന്നാണ് കരുതുന്നത്. എന്തായിരുന്നു ഇവളെ വിളിച്ചിരുന്നതെന്നും അറിയില്ലല്ലോ. എടീയെന്ന് വിളിക്കുമ്പോൾ പിന്നിൽ നിന്ന് മാറുന്നില്ല. ഓടി വരും. ഇന്നലെ മുതൽ കയ്യൊക്കെ തരുന്നുണ്ട്. ഭക്ഷണം കൊടുക്കുമ്പോ സന്തോഷമാണ്. ഷേക്ക് ഹാൻഡൊക്കെ തന്ന് എന്‍റെ പിന്നാലെ നടന്ന് കിടക്കയിൽ കിടന്നു, പിന്നെ സെറ്റിയിൽ കിടന്നു. നമ്മളെ വിട്ട് പോകാതെ നടക്കുവാണ്'', സന്തോഷത്തോടെ 'ദയ'യുടെ പ്രവർത്തകർ പറയുന്നു.

ആദ്യം ഇവളെ ആരോഗ്യവതിയാക്കിയ ശേഷം ദത്തെടുക്കാൻ നൽകണോ, അതോ ഇവിടെത്തന്നെ വളർത്തണോ എന്ന കാര്യം തീരുമാനിക്കുമെന്നാണ് ദയയിലെ പ്രവർത്തകർ പറയുന്നത്.

Follow Us:
Download App:
  • android
  • ios