തൊണ്ടയിൽ മുളളു കുടുങ്ങി അണുബാധയുണ്ടായതാണെന്നാണ് വീട്ടുകാർ വിചാരിച്ചത്
ഹരിപ്പാട് : മുതുകുളത്ത് ചത്ത നായക്ക് പേവിഷബാധ. മുതുകുളം വടക്ക് അഭിരാമത്തിൽ പുഷ്പാംഗദന്റെ വീട്ടിലെ വളർത്തു നായക്കാണ് പേവിഷബാധയുളളത്. സംസ്‌കരിച്ച നായയെയാണ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. കഴിഞ്ഞ 15 നാണ് നായ ചത്തത്. തൊണ്ടയിൽ മുളളു കുടുങ്ങി അണുബാധയുണ്ടായതാണെന്നാണ് വീട്ടുകാർ വിചാരിച്ചത്. അതിന് രണ്ടു ദിവസം മുൻപ് തന്നെ നായ അസ്വസ്ഥത കാട്ടിയിരുന്നു. മൃഗാശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനാൽ പരിശോധന നടന്നില്ല. ചത്തതിന് പിന്നാലെ വിവരം വെറ്റിനറി ഡോക്ടറോട് പറഞ്ഞപ്പോൾ ലക്ഷണങ്ങൾ വെച്ച് ചില സംശയങ്ങൾ പ്രകടിച്ചു. ഇതിനെതുടർന്നാണ് പോസ്റ്റുമോർട്ടം ചെയ്തത്.
പേവിഷബാധ സ്ഥിരീകരിച്ചതോടെ പുഷ്പാംഗദൻ(57), ഭാര്യ സത്യഭാമ(51) മകൻ അഭിഷേക് (24) എന്നിവർ കുത്തിവെപ്പെടുത്തു. രണ്ടാഴ്ച മുൻപ് നായ്ക്കുട്ടികളുമായി നടന്ന മറ്റൊരു പട്ടി പ്രദേശത്തെ മൂന്നു പേരെ കടിച്ചിരുന്നു. ബാപ്പുജി ഗ്രാമീണ വായനശാലക്ക് പടിഞ്ഞാറുവെച്ച് കൊയ്പ്പളളി പുത്തൻവീട്ടിൽ സന്ധ്യ (45), മീനത്തേൽ കിഴക്കതിൽ മനോജ് (39) എന്നിവരെയും ശ്രാമ്പിക്കൽ ഭാഗത്തുവെച്ച് രാജനെ (61)യുമാണ് ആക്രമിച്ചത്.
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മുക്കം കാരശ്ശേരിയില്‍ വീടിന്‍റെ ഓടിളക്കി 25 പവനോളം സ്വര്‍ണ്ണം കവര്‍ന്നു എന്നതാണ്. വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് പോയപ്പോഴാണ് സംഭവം. കാരശ്ശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ ഓടിട്ട ചെറിയ വീട്ടിലാണ് വലിയ മോഷണം നടന്നത്. ഇന്നലെ രാത്രി എട്ടു മണിക്കും 10 മണിക്കും ഇടയിലായിരുന്നു സംഭവം. ഈ സമയം വീട്ടുകാര്‍ സമീപത്തു തന്നെയുള്ള ബന്ധുവീട്ടില്‍ വിവാഹസല്‍ക്കാരത്തിന് പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആളിറങ്ങാന്‍ പാകത്തില്‍ ഓടുകള്‍ മാറ്റിയ നിലയിലായിരുന്നു. ഷെറീനയുടെ മകളുടെ 25 പവനോളം ആഭരണങ്ങളാണ് നഷ്ടമായത്. അലമാരയിലെ പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു ആഭരണങ്ങൾ. സ്വര്‍ണ്ണമല്ലാതെ മറ്റു വസ്തുക്കളൊന്നും നഷ്ടമായിട്ടില്ല. ബന്ധുക്കളിലൊരാളെയാണ് വീട്ടകാര്‍ക്ക് സംശയം. ഇയാളുടെ പേരുള്‍പ്പെടെയാണ് മുക്കം പൊലീസില്‍ പരാതി നല്‍കിയത്. ഇയാളെ കേന്ദ്രീകരിച്ചും സമീപത്തെ സിസിടിവികള്‍ പരിശോധിച്ചുമാണ് മുക്കം പൊലീസിന്‍റെ അന്വേഷണം. വീട്ടുകാരെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് മോഷണത്തിന് പിന്നില്‍. താമരശ്ശേരി ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി.
