ഫയർഫോഴ്സ് സംഘവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. എബിസി റൂള്‍ അനുസരിച്ച് നായയെ മയക്കുമരുന്ന് നല്‍കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.  

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേവിഷ ബാധ ലക്ഷണങ്ങളോട് കൂടിയ നായയെ പിടികൂടാൻ ശ്രമം. ഫയർഫോഴ്സ് സംഘവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. എബിസി റൂള്‍ അനുസരിച്ച് നായയെ മയക്കുമരുന്ന് നല്‍കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.

രാവിലെ ഏഴരയോടെയാണ് ഓമല്ലൂർ കുരിശ് കവലയിലുള്ള തറയിൽ തുളസി വിജയന്റെ വീടിന്റെ മുറ്റത്ത് അസ്വഭാവികതകളോടെ നായയെ കണ്ടത്. വായിൽ നിന്ന് നുരയും പതയും വരുന്ന സ്ഥിതിയിലായരുന്നു നായ. അവശ നിലയിലായിരുന്ന നായക്ക് നടക്കാനും കഴിഞ്ഞിരുന്നില്ല. നായയെ കണ്ടയുടൻ തന്നെ തുളസി വിജയൻ വീടിനുള്ളിൽ കയറി കതകടച്ചു. വീടിന്‍റെ ഗേറ്റ് പൂട്ടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ഒൻപത് മണിയോടെ അവശനായിരുന്ന പട്ടിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങി. പേ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. ഒൻപതരയോടെ അഗ്നിശമന സേനയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാർ എത്തിയ ഉടനെ നായയെ വല വെച്ച് പിടികൂടാനാണ് തീരുമാനം. തുടര്‍ന്ന് മയക്കുമരുന്ന് കുത്തി വെച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മറ്റും. ആനയ്ക്ക് മയക്ക്‍വെടി വെയ്യാക്കാൻ ഉപയോഗിക്കുന്ന സെലാക്സിൻ മരുന്ന് കുത്തിവച്ചാണ് പട്ടിയെ മയക്കിയത്.
10 ദിവസം നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുകയാണ്.ഇടുക്കി കുമളിയിൽ ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വലിയകണ്ടം, രണ്ടാം മൈൽ, ഒന്നാം മൈൽ എന്നിവിടങ്ങളിൽ വച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. അതിനിടെ, പാലക്കാട് മേലാമുറിയിൽ പേ വിഷബാധയേറ്റ പശു ചത്തു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവാണ് ചത്തത്. കഴിഞ്ഞ ദിവസമാണ് പേ വിഷബാധയേറ്റ ലക്ഷണങ്ങൾ പശു കാട്ടിയത്.