കായംകുളം: വൈദ്യുതാഘാതമേറ്റ് നായ്ക്കള്‍ ചത്തു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചെ കൊറ്റുകുളങ്ങര സബ്‌സ്റ്റേഷനു സമീപം ഒതനാകുളം ഭാഗത്താണ് റോഡിലെ വെള്ളക്കെട്ടിലേക്ക് വൈദ്യുത ലൈന്‍ പൊട്ടി വീണത്. കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ വീണാണ് വൈദ്യുതലൈന്‍ പൊട്ടിയത്. പുലര്‍ച്ചെ സമീപമുള്ള പള്ളിയിലേക്ക് പോകാനായി എത്തിയവരാണ് നായ്ക്കള്‍ ചത്തു കിടക്കുന്നത് ശ്രദ്ധിച്ചത്. 

തുടര്‍ന്നാണ് വെള്ളത്തില്‍ ലൈന്‍ പൊട്ടി വീണ് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ വൈദ്യുത ഓഫിസില്‍ വിവരമറിയിക്കുകയും റോഡില്‍ കൂടി വന്നവരെ ഇവര്‍ തടഞ്ഞു നിര്‍ത്തുകയും ചെയ്തു.  കെഎസ്ഇബി ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് പൊട്ടിവീണ ലൈനില്‍ കൂടി വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ വൈദ്യുത ബന്ധം വിഛേദിച്ചത് വന്‍ അപകടം ഒഴിവാക്കി.