Asianet News MalayalamAsianet News Malayalam

കറണ്ട് കട്ടാകാൻ എഡിഎംഎസ് സംവിധാനം, തകര്‍ന്നാൽ രാജ്യം തന്നെ ഇരുട്ടിൽ, ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

കെ. എസ്. ഇ. ബി ജീവനക്കാരെ ശത്രുവായി കാണരുത്. പ്രശ്നം സാങ്കേതികമാണ്.

Don t see employees as enemies The problem is technical says KSEB
Author
First Published Apr 30, 2024, 7:59 PM IST

തിരുവനന്തപുരം: കടുത്ത വേനലിലും ഏറെ പ്രതിസന്ധികൾക്കിടയിലും ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി. കടുത്ത വേനലും ഉഷ്ണതരംഗവും കേരളത്തിൽ സ്ഥിരീകരിച്ചു കഴിഞ്ഞു. പകലും രാത്രിയും ചൂട് ഒരു പോലെ നിൽക്കുകയാണ്. രാത്രി കഴിഞ്ഞും അന്തരീക്ഷ ഊഷ്മാവ് താഴെ വരുന്നില്ല. ഈ സാഹചര്യത്തിൽ എസിയുടെ ഉപയോഗവും വർദ്ധിച്ചു കഴിഞ്ഞു. 

നേരത്തേതിൽ നിന്നും വ്യത്യസ്തമായി രാത്രി 10.30 ന് ശേഷമാണ് ഇപ്പോൾ പിക്ക് ഡിമാൻറ് ഉണ്ടാകുന്നത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പീക്ക് ഡിമാൻറ് ഇന്നലെ 5717 മെഗാവാട്ടായി (കഴിഞ്ഞ വർഷം ഇത് 5024 മെഗാവാട്ടായിരുന്നു). നമ്മുടെ സിസ്റ്റത്തിന് താങ്ങാവുന്നതിലും അധികമാണ് 5711 മെഗാവാട്ട് എന്ന നില, ഒരു നിശ്ചിത പരിധിക്കപ്പുറം ഉപഭോഗം ഉയർന്നാൽ ഗ്രിഡ് സ്വയം നിലയ്ക്കും.

ഗ്രിഡ് കോഡ് പ്രകാരം ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഏർപ്പെടുത്തിയ സംവിധാനമാണ് എഡിഎംഎസ് (ഓട്ടോമാറ്റഡ് ഡിമാന്റ് മാനേജ് മെൻറ് സിസ്റ്റം) ഗ്രിഡിലെ ഉപഭോഗം ഒരു പരിധി കഴിഞ്ഞും വൈദ്യുതാവശ്യം നിയന്ത്രിക്കാതിരുന്നാൽ ഓട്ടോമാറ്റിക്കായി വൈദ്യുതി നിലയ്ക്കുന്നു. ഇങ്ങനെ ലോഡ് ക്രമാതീതമായി വർദ്ധിച്ചാൽ 11 കെവി ഫീഡറുകളിൽ വൈദ്യുതി വിതരണം നിലയ്ക്കും.

അഞ്ച് മിനിറ്റ് നേരത്തേയ്ക്ക് ആ ഫീഡർ ചാർജ്ജ് ചെയ്യാനാകില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളിൽ ഇങ്ങനെ സംഭവിക്കുകയുണ്ടായി. വൈദ്യുതോപഭോഗം പരിമിതപ്പെടുത്തിയില്ലെങ്കിൽ വീണ്ടും ഇത് സംഭവിക്കാം. അഖിലേന്ത്യാ തലത്തിൽ നിയമപ്രകാരം ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് എഡിഎംഎസ്. ഗ്രിഡ് തകർന്നാൽ രാജ്യമാകെ ഇരുട്ടിലാകും അത് ഒഴിവാക്കാനാണ് എഡിഎംഎസ് സ്വയമേവ പ്രവർത്തിക്കുന്നത്.

കേരളത്തിലെ എല്ലാ സബ് സ്റ്റേഷനുകളിലും 33 കെ.വി, 11 കെവി ഫീഡറുകളിലും ഇത് ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുത ഉപഭോഗം നിയന്ത്രിതമല്ലെങ്കിൽ പ്രശ്നം കൂടുതൽ രൂക്ഷമാവുകയേ ഉള്ളൂ. പ്രത്യേകിച്ചും വൈകുന്നേരം 7.00 മണി മുതൽ പുലർച്ച 2 മണി വരെ. വീടുകളിൽ ആവശ്യത്തിലധികം ഏസികൾ ഒഴിവാക്കുക, ഏസിയുടെ ഊഷ്മാവ് 25 ഡിഗ്രിയ്ക്ക് മുകളിലാക്കാൻ ശ്രദ്ധിക്കുക, വൈദ്യുതി നിലയ്ക്കുമ്പോൾ സ്വിച്ചുകൾ ഓഫ് ചെയ്യുക. ഇങ്ങനെ ആവശ്യത്തിനുമാത്രം വൈദ്യുതി ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. 

വൈദ്യുതി നിലയ്ക്കുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടല്ല. ചില സഥലങ്ങളിൽ കെ. എസ് ഇ ബി ഓഫീസിൽ ഉപഭോക്താക്കൾ എത്തുന്നതും കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി തട്ടിക്കയറുന്നതും വർദ്ധിച്ചു വരുകയാണ്.  സ്തവത്തിൽ ജനങ്ങൾക്ക് ഇടതടവില്ലാതെ വൈദ്യുതി എത്തിക്കുക എന്ന കർത്തവ്യത്തിലാണ് കെ എസ് ഇ ബി ജീവനക്കാർ മുഴുകുന്നത്. അല്ലാതെ വൈദ്യുതി മുടക്കുവാനോ മാറ്റി നൽകാനോ അല്ല. ഓഫീസിൽ കടന്നുകയറുമ്പോൾ ജോലി തടസ്സപ്പെടുത്തുകയും ജീവനക്കാരുടെ മനോധൈര്യം കെടുകയും ചെയ്യുന്നത് സാങ്കേതിക ജോലിയ്ക്ക് തടസ്സമാകും.

നമ്മൾ വീട്ടിൽ സുഖമായിരിക്കുമ്പോൾ കെ എസ് ഇ ബി ജീവനക്കാരൻ പോസ്റ്റിനു മുകളിൽ വെയിലേറ്റ് ജോലി നിർവ്വഹിക്കുകയാണ്. തകർത്താൽ നിലവിലുളള സിസ്റ്റം തകർന്നുപോകും അതുണ്ടാകുന്നത് വലിയ അപകടമാണ്. മാന്യ ഉപഭോക്താക്കൾ ഉപഭോഗം കുറച്ച് സഹകരിച്ചാൽ എല്ലാവർക്കും തടസ്സമില്ലാതെ വൈദ്യുതി നൽകാനാകും. പ്രളയകാലത്തുൾപ്പെടെ ലോകത്തിനു മാതൃകയായ കേരളത്തിന് ഇപ്പോഴത്തെ സാഹചര്യവും മറികടക്കാനാകുമെന്നും കെഎസ്ഇബി വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.

വൈദ്യുതി ഉപയോ​ഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകും, പവർകട്ട് പീക് മണിക്കൂറിലെ അമിതലോഡ് മൂലം'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios