സ്ത്രീധനം പോര, ഭാര്യയെ ശാരീരിക പീഡനത്തിനിരയാക്കി; ജാമ്യത്തിലിറങ്ങി മുങ്ങിയ ഭർത്താവ് 2 വർഷത്തിന് ശേഷം പിടിയിൽ
പ്രതി സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് നിരന്തരം ഉപദ്രവിക്കുകയുമായിരുന്നുവെന്നാണ് പരാതി.
കൽപ്പറ്റ:വയനാട് തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വർഷങ്ങൾക്ക് ശേഷം പിടിയിൽ. മലപ്പുറം എടപ്പാൾ സ്വദേശിയായ ആന്തൂർ വളപ്പിൽ വീട്ടിൽ മുഹമ്മദ് ഷാഫി (40)യെയാണ് തൊണ്ടർനാട് പോലീസ് മലപ്പുറം ചങ്ങരംകുളത്ത് വച്ച് പിടികൂടിയത്.
2022 -ലാണ് തേറ്റമല സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2006-ൽ വിവാഹം കഴിഞ്ഞ് ഇരുവരും മലപ്പുറം ചങ്ങരംകുളത്തും വയനാട് തേറ്റമലയിലുമായി താമസിച്ചു വരികയായിരുന്നു. എന്നാൽ പ്രതി സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് നിരന്തരം ഉപദ്രവിക്കുകയുമായിരുന്നുവെന്നാണ് പരാതി. സബ് ഇൻസ്‌പെക്ടർ ശ്രീധരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എച്ച് മുസ്തഫ, ടൈറ്റസ് സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫീസർ ജയചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read More : 'ശരിക്കും നോൺവെജ് തന്നെ'; വന്ദേഭാരത് എക്സ്പ്രസിലെ മുട്ടക്കറിയിൽ ചത്ത പാറ്റ, കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി