നിരാലംബരായ രോഗികളെ സഹായിക്കാനായി നാടകോത്സവം സംഘടിപ്പിച്ച് നാട്ടുകാർ. പേരാമ്പ്ര മുയിപ്പോത്തും പരിസരങ്ങളിലുമുള്ള നിരാലംബരായ രോഗികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് മുയിപ്പോത്ത് നിരപ്പം സ്റ്റേഡിയത്തില്‍ പഞ്ചദിന അഖില കേരള നാടകോത്സവം സംഘടിപ്പിക്കുന്നത്. 

കോഴിക്കോട്: നിരാലംബരായ രോഗികളെ സഹായിക്കാനായി നാടകോത്സവം സംഘടിപ്പിച്ച് നാട്ടുകാർ. പേരാമ്പ്ര മുയിപ്പോത്തും പരിസരങ്ങളിലുമുള്ള നിരാലംബരായ രോഗികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് മുയിപ്പോത്ത് നിരപ്പം സ്റ്റേഡിയത്തില്‍ പഞ്ചദിന അഖില കേരള നാടകോത്സവം സംഘടിപ്പിക്കുന്നത്. 

ശനിയാഴ്ച മുയിപ്പോത്ത് നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമായത്. രാത്രി എട്ടിന് തിരുവനന്തപുരം അക്ഷരയുടെ 'കുരുത്തി' എന്ന നാടകവും ഞായറാഴ്ച കോഴിക്കോട് സംഘചേതനയുടെ 'നയാ പൈസ' യും അരങ്ങേറി. 24 ന് വൈകീട്ട് ആറിന് നിരപ്പം സ്റ്റേഡിയം വികസനവും സാധ്യതയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 

തുടര്‍ന്ന് വടകര കാഴ്ച കമ്യൂണിക്കേഷന്‍സിന്റെ 'ഓലപ്പുര ' എന്ന നാടകം സ്റ്റേജില്‍ അവതരിപ്പിക്കും. 25 ന് വൈകീട്ട് ആറിന് പാട്ട് കൂട്ടം പരിപാടി ഗായകന്‍ അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒപ്പനയും രാത്രി എട്ടിന് തൃശൂര്‍ പൂരം നാടകവേദിയുടെ റെഡ് അലര്‍ട്ടും നാടകം അരങ്ങേറും. 26 ന് ബുധനാഴ്ച സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മനോജ് നാരായണന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് നാടകപ്രവര്‍ത്തകരെ ആദരിക്കും. രാത്രി എട്ടിന് തൃശൂര്‍ രജപുത്രയുടെ 'പകിട 'യോടെ നാടകോത്സവത്തിന് തിരശീല വീഴും.