Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ; മുന്നൂറോളം ടാങ്കറുകൾ നിർത്തിയിട്ടു

മൂന്നൂറോളം ടാങ്കറുകൾ നിര്‍ത്തിയിട്ടിരിക്കുകയാണ്. എന്നാലിത് ജനങ്ങൾക്കിടയിൽ ആശങ്ക പടർത്താനുള്ള ടാങ്കർ ഉടമകളുടെ ശ്രമമാണെന്ന് ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാൻ.

drinking water supply issue in kochi
Author
Kochi, First Published Jan 1, 2020, 1:31 PM IST

കൊച്ചി: ടാങ്കർ ഉടമകളുടെ പ്രതിഷേധത്തെ തുടർന്ന് കൊച്ചിയിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ. ഇന്ന് മുതൽ ജല അതോറിറ്റി സ്രോതസ്സുകളിൽ നിന്ന് മാത്രമേ വെള്ളം വിതരണം ചെയ്യാവൂ എന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു. ഇതിന് ആവശ്യമായ സൗകര്യം ഏർപ്പെടുത്താത്തതിനാൽ വെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് സമരം. ശുദ്ധജലം കിട്ടാത്തതിനാൽ കുടിവെള്ള ടാങ്കറുകളുടെ സർവീസ് മുടങ്ങി. മൂന്നൂറോളം ടാങ്കറുകൾ നിര്‍ത്തിയിട്ടിരിക്കുകയാണ്. ജനങ്ങൾക്കിടയിൽ ആശങ്ക പടർത്താനുള്ള ടാങ്കർ ഉടമകളുടെ ശ്രമമാണെന്ന് ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാൻ പ്രതികരിച്ചു.

വാട്ടർ അതോറിറ്റിയുടെ പക്കൽ ആവശ്യത്തിലധികം വെള്ളമുണ്ടെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. 13 സ്ഥലത്തായി വാട്ടർ അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന സ്രോതസ്സുകളിൽ നിന്ന് മാത്രമേ ഇപ്പോള്‍ വെള്ളമെടുക്കാവൂ. 13 ടാങ്കറുകൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നും രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കുന്നത് പരിഗണിക്കുമെന്നും എസ് ഷാജഹാൻ അറിയിച്ചു. ടാങ്കറുകൾ വെള്ളം എടുക്കാൻ തയ്യാറാകാതെ നിസ്സഹകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കിണറുകളിൽ നിന്ന് വെള്ളമെടുക്കാൻ ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് കുടിവെള്ള വിതരണം പ്രതിസന്ധിയിലായത്. പാറമടയിൽ നിന്നുള്ള വെള്ളം വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഭരണകൂടം നിയന്ത്രണം കൊണ്ടുവന്നത്. പാറമടകളിൽ നിന്നും ശേഖരിക്കുന്ന മലിന ജലം പോലും കുടിവെള്ളമെന്ന പേരിൽ എറണാകുളം ജില്ലയിൽ വിതരണം ചെയ്യുന്നതായി പരാതി ഉയർന്നതിന് പിന്നാലെയാണ് ഹൈക്കോടതിയും നിയമ സഭ സമിതിയും പ്രശ്നത്തിൽ ഇടപെട്ടത്. കഴിഞ്ഞ ദിവസം കളമശ്ശേരി ഭാഗത്ത് പരിശോധിച്ച ഒൻപത് വാഹനങ്ങളിൽ ഏഴെണ്ണത്തിലും കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios