ആലപ്പുഴ: ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. മുന്നിൽ പോയവാഹനത്തില്‍ നിന്നും ടാർപോളിൻ പറന്ന് മുകളില്‍ വീണതാണ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റാൻ കാരണം. 

ഓട്ടോ ഡ്രൈവർ കോട്ടയം പള്ളം നെടുമ്പറമ്പില്‍ സജീവ് (54) ആണ് മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ലീലാമ്മയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് വൈകുന്നേരം പള്ളാത്തുരുത്തി ഒന്നാം പാലത്തിനു സമീപത്തായിരുന്നു അപകടം. ആക്രി സാധനങ്ങളുമായി മുന്നേ പോയ മിനിലോറിയിലിട്ടിരുന്ന ടാർപോളിൻ പറന്ന് ഓട്ടോയുടെ മുകളില്‍ വീഴുകയായിരുന്നു. 

ഇതോടെ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിരേ വന്ന വലിയ ടോറസ് വണ്ടിയിൽ  ഇടിച്ചുകയറുകയായിരുന്നു. ലോറിയുടെ അടിയിലേക്കു കയറിപ്പോയ ഓട്ടോറിക്ഷയില്‍ നിന്നും നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഓട്ടോ പൂര്‍ണമായും തകര്‍ന്നു.