നീർച്ചാലായി മാറിയ പുഴ ഇപ്പോൾ വീണ്ടും നിറഞ്ഞൊഴുകുകയാണ്. അതിനു കാരണമായത് പാഴായി പോയ പദ്ധതിയെന്നേറെ പഴി കേട്ട കാരാപ്പുഴ ഡാമും

പുൽപ്പള്ളി: വരണ്ട കബനിക്ക് രക്ഷയായ് കാരാപ്പുഴ ഡാമിലെ വെള്ളം. ജലക്ഷാമം രൂക്ഷമായതോടെയാണ് ഡാമിലെ വെള്ളം പുഴയിലേക്ക് ഒഴുക്കിവിട്ടത്. വയനാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി.

കബനി മെലിഞ്ഞതോടെ പുൽപ്പള്ളിക്കാരും മുള്ളൻകൊല്ലിക്കാരുമാണ് കടുത്ത ദുരിതത്തിലായത്. കുടിവെള്ള വിതരണത്തിനു പോലും വഴിയില്ലാതായി. ഇതോടെയാണ് കാരാപ്പുഴയിൽ നിന്നും വെള്ളമെത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വരുന്ന വെള്ളം പാഴാവാതിരിക്കാൻ മരക്കടവിൽ തടയണ നിർമ്മിച്ചു. ജല ക്ഷാമത്തിന് അറുതി വരുത്താൻ ഒരു നാട് മുഴുവൻ ഒന്നിച്ചിറങ്ങിയ കാഴ്ചയാണ് പിന്നെ കണ്ടത്.

ബുധനാഴ്ച രാവിലെയാണ് ഡാം തുറന്നത്. 5 ക്യുമെക്സ് ജലം വീതം പുറത്തേക്ക് ഒഴുക്കി. കനാലും തോടും പിന്നിട്ട് കാരാപ്പുഴയിലെ ജലം പിറ്റേന്ന് പനമരത്ത് വെച്ച് കബനിയിൽ ചേർന്നു. കൂടൽകടവിലൂടെയും പാൽവെളിച്ചത്തിലൂടെയും പതിഞ്ഞൊഴുകി വെള്ളിയാഴ്ച അർധരാത്രിയോടെയാണ് വെള്ളം മരക്കടവിലെത്തിയത്. 60 കിലോമീറ്റർ ദൂരം പിന്നിടാനെടുത്തത് 62 മണിക്കൂർ സമയമാണ് വേണ്ടിവന്നത്. വെള്ളം മരക്കടവ് തൊട്ടപ്പോൾ തന്നെ കാരാപ്പുഴ ഡാം അടച്ചു.

സർക്കാർ സംവിധാനങ്ങളുടെ കൃത്യമായ ഏകോപനവും ജനകീയ പങ്കാളിത്തവുമാണ് കബനിയെ വീണ്ടും ജലസമൃദ്ധിയിലേക്ക് നയിച്ചത്. നീർച്ചാലായി മാറിയ പുഴ ഇപ്പോൾ വീണ്ടും നിറഞ്ഞൊഴുകുകയാണ്. അതിനു കാരണമായത് പാഴായി പോയ പദ്ധതിയെന്നേറെ പഴി കേട്ട കാരാപ്പുഴ ഡാമും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം