മദ്യലഹരിയിൽ ഉറങ്ങുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം ക്രൂരമർദനത്തിൽ കലാശിച്ചു. പുത്തൂരിൽ മരുന്നു കമ്പനി ജീവനക്കാരനെ ചവിട്ടിക്കൊന്ന കേസിൽ തെളിവെടുപ്പ്.

തൃശൂർ: പുത്തൂരിൽ മരുന്നു കമ്പനി പ്രതിനിധിയെ ചവിട്ടിക്കൊന്ന രണ്ടു കൊലയാളികളുമായി പൊലീസ് തെളിവെടുപ്പു നടത്തി. മദ്യ ലഹരിയിൽ ഉറങ്ങുന്നതിനിടെ ഉച്ചത്തിൽ പാട്ടുവച്ചതായിരുന്നു കൊലയ്ക്കു കാരണം.

പുത്തൂരില്‍ താമസിക്കുന്ന തമിഴ്നാട്ടുകാരനായ സെല്‍വകുമാറെന്ന മരുന്നു കമ്പനി ജീവനക്കാരനെ കഴിഞ്ഞ 21 നാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വകുമാറിന്‍റെ മരണം 16 വാരിയെല്ലുകൾ ഒടിഞ്ഞിട്ടാണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 

20ന് കാലത്ത് പത്തരയോടെ പുത്തൂർ സ്വദേശി ലിംസണും വരടിയം സ്വദേശി ബിനുവും സെല്‍വകുമാറിനെ തേടി വാടക വീട്ടിലെത്തി. സെല്‍വകുമാറിന്‍റെ സുഹൃത്തുക്കളായിരുന്നു ഇരുവരും. മൂന്ന് പേരും മദ്യപിച്ച് ലക്കുകെട്ടു. അവിടെത്തന്നെ കിടന്നുറങ്ങി. ഉറക്കത്തിലും പാട്ട് ഉച്ചത്തില്‍ വയ്ക്കുന്ന ശീലമുണ്ടായിരുന്നു സെല്‍വകുമാറിന്. ഉറക്കം മുറിയുന്നതിനാല്‍ പാട്ട് നിര്‍ത്താന്‍ കൂട്ടുകാര്‍ ആവശ്യപ്പെട്ടു. പിന്നാലെ തര്‍ക്കവും കൈയ്യാങ്കളിയും.

നിലത്തു കിടക്കുകയായിരുന്ന ശെൽവകുമാറിനെ ലിംസണും ബിനുവം ചവിട്ടി. വാരിയെല്ല് തകർന്ന് ശ്വാസകോശത്തിൽ കയറി ആന്തരിക രക്തസ്രാവമുണ്ടായി. രാത്രി അവിടത്തന്നെ കിടന്നുറങ്ങി. കാലത്ത് എഴുന്നേല്‍ക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന സെല്‍വകുമാറിനെ കണ്ടത്. പിന്നാലെ മൃതദേഹം വീട്ടില്‍ തന്നെ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. രണ്ടു ദിവസം ഒളിവില്‍ പോയി.

ഒല്ലൂർ ഇൻസ്പെക്ടർ വിമോദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ രണ്ടിടത്തു നിന്നായി പിടികൂടി. ലിംസൺ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് തെളിവെടുപ്പിനായി പുത്തൂരിൽ കൊണ്ടുവന്നത്. കൊല്ലപ്പെട്ട ശെൽവകുമാർ തനിച്ചായിരുന്നു താമസം. ഭാര്യ നേരത്തെ മരിച്ചിരുന്നു. മക്കളില്ല. ശെൽവകുമാറിന്‍റെ ഫോൺ കുറ്റിപ്പുറം പാലത്തിൽ നിന്ന് താഴേയ്ക്കു വലിച്ചെറിഞ്ഞെറിഞ്ഞെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കൊച്ചി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ 10 മിനിറ്റോളം കുട്ടി വീണുകിടന്നു; അറിഞ്ഞത് സിസിടിവി പരിശോധിച്ചപ്പോൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം