മലപ്പുറം അരീക്കോടിന് സമീപമുള്ള ലോഡ്ജിൽ നിന്ന് 14 ഗ്രാം എംഡിഎംഎയുമായി നാലംഗ ലഹരി സംഘത്തെ പോലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡിൽ 20കാരിയായ കോളേജ് വിദ്യാർത്ഥിനിയും ഉൾപ്പെടുന്നു. പിടിയിലായവരിൽ രണ്ടുപേർ മുൻപും ലഹരിക്കേസിൽ ജയിലിൽ കഴിഞ്ഞവരാണ്.
മലപ്പുറം: അരീക്കോടിന് സമീപം കൈപ്പകുളം എന്ന സ്ഥലത്ത് ലോഡ്ജിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ തെരച്ചിലിൽ ലഹരി സംഘത്തെ പിടികൂടി. 20കാരിയായ കോളേജ് വിദ്യാർത്ഥിനി ഫിദ ഫാത്തിമ ഉൾപ്പെടെ നാല് പേരാണ് വലയിലായത്.14 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ലഹരി സംഘങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കുന്നതിനിടയിലാണ് മലപ്പുറം എസ് പി ചൈത്ര തെരേസാ ജോണിന് രഹസ്യ വിവരം കിട്ടുന്നത്. അരീക്കോട് ഭാഗത്ത് അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികള്‍ തമ്പടിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തൊട്ടു പിന്നാലെ ഡാന്‍സാഫും പോലീസുംസ്ഥലത്തെത്തി.
കൈപ്പക്കുളത്തുള്ള സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ കോളേജ് വിദ്യാര്‍ത്ഥിയായ യുവതിയുള്‍പ്പെടെ നാലു പേരാണ് 14.12 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. പൂക്കളത്തൂര്‍ സ്വദേശി വാര്യം കുന്നത്ത് മുഹമ്മദ് ദില്‍ഷാദ്,തൃപ്പനച്ചി സ്വദേശി കുന്നിക്കല്‍ ഷഹല്‍ നമാസ് ,കൂട്ടാവ് സ്വദേശി സജ്മീര്‍,കൊല്ലം അഞ്ചല്‍ സ്വദേശി ഫിദാ മന്‍സില്‍ ഫിദാ ഫാത്തിമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ദില്‍ ഷാദും,സജ്മീറും ലഹരി കടത്ത് കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞവരാണ്. കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി വില്‍പ്പനയില്‍ സജീവമായത്. മഞ്ചേരി ,അരീക്കോട് മേഖലകളില്‍ ലഹരി മരുന്ന് വിതരണം ചെയ്യുന്നത് ഇവരുടെ നേതൃത്വത്തിലാണെന്ന് പൊലീസ് പറഞ്ഞു.


