ഹരിപ്പാട് നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യുപി സ്കൂളിൽ ഓഫീസ് മുറി കുത്തിത്തുറന്ന് മോഷണം നടന്നു. കുട്ടികളുടെ സമ്പാദ്യ പദ്ധതിയിലേക്ക് മാറ്റിവെച്ചിരുന്ന മൂവായിരം രൂപയാണ് നഷ്ടപ്പെട്ടത്. സ്കൂൾ പരിസരത്ത് സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണെന്നും മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
രിപ്പാട്: നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യുപി സ്കൂളിലെ ഓഫീസ് മുറിയുടെ വാതിൽ കുത്തിത്തുറന്ന് പണം കവർന്നു. കുട്ടികളുടെ സമ്പാദ്യ പദ്ധതിയിലേക്ക് ട്രഷറിയിൽ അടയ്ക്കാൻ മാറ്റിവെച്ചിരുന്ന മൂവായിരം രൂപയാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഓഫീസിന്റെ തെക്കേ അറ്റത്തുള്ള മുറിയിലെ രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പുലർച്ചെ മൂന്നു മണി വരെയുള്ള സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താത്തതിനാൽ, നാലു മണിക്ക് ശേഷമായിരിക്കാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ ഹെഡ്മിസ്ട്രസ് കെ രാജശ്രീ നൽകിയ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
സ്കൂൾ പരിസരത്ത് സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മാത്രം രണ്ട് തവണയാണ് ഇവിടെ സമാനമായ രീതിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. മുൻപ് സ്കൂളിലെ ബാത്റൂം ഫിറ്റിങ്സുകളും പൈപ്പുകളും പുറത്തെ ടാപ്പുകളും നിരന്തരമായി മോഷ്ടിക്കപ്പെടുകയും തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നു. പഴയ കെട്ടിടത്തിൽ കുട്ടികൾക്ക് കൈകഴുകാൻ വെച്ചിരുന്ന ടാപ്പുകൾ മുറിച്ചുമാറ്റുകയും ആൺകുട്ടികളുടെ യൂറിനലിന്റെ ഭാഗങ്ങൾ തല്ലിപ്പൊളിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. നിരന്തരമായ മദ്യപാനികളുടെയും മറ്റ് സാമൂഹികവിരുദ്ധരുടെയും ശല്യം കാരണമാണ് പുതിയ ബിൽഡിങ്ങിന് കഴിഞ്ഞ ആഴ്ച അധികൃതർ ഗേറ്റ് സ്ഥാപിച്ചത്. ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ച സ്കൂളിന്റെ മതിൽ ഇതുവരെ പുനഃസ്ഥാപിക്കാത്തതും പഴയ കെട്ടിടത്തിന് ഗേറ്റ് ഇല്ലാത്തതുമാണ് സാമൂഹികവിരുദ്ധർക്ക് ഇവിടം താവളമാക്കാൻ പ്രധാന കാരണം. സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.


