തിരുവനന്തപുരം: വിഴിഞ്ഞം കല്ലുവെട്ടാംകുഴി പുതിയ ബൈപ്പാസിൽ ലഹരിമരുന്ന് മാഫിയയുടെ കാറോട്ടം. മരണപ്പാച്ചിൽ പാഞ്ഞ കാറിന് മുന്നിൽ നിന്നും വഴിയാത്രക്കാരും മറ്റു വാഹനയാത്രികരും തലനാഴിയിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പൊറോഡ് പാലത്തിന് സമീപമാണ് സംഭവം. പുതിയ റോഡിലെ ഗതാഗതം നിരോധിച്ചുകൂടിയിട്ടിരിക്കുന്ന ചല്ലി കൂട്ടത്തിന്റെ മുകളിലൂടെ നിയന്ത്രണം വിട്ട കാർ തെറിച്ചു മറുവശത്തേക്ക് വന്നു നിന്നു. ഈ സമയം ഈ വഴിപോയ കുട്ടികളടക്കമുള്ളവര്‍ തലനാരിഴയ്ക്ക് ആണ് രക്ഷപെട്ടത്. 

ചല്ലി കൂട്ടത്തിൽ ഇടിച്ച ആഘാതത്തിൽ കാറിന്റെ മുൻവശം ഭാഗീകമായി തകർന്നു. ഇത് പരിശോധിക്കാൻ കാറിലുണ്ടായിരുന്നവർ വാഹനം സർവീസ് റോഡിലേക്ക് കയറ്റി നിറുത്തി. ആറോളംപേർ വാഹനത്തിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇവർ വാഹനം പരിശോധിച്ചുകൊണ്ടു നില്‍ക്കവേ നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് കണ്ട്രോൾ റൂം വാഹനം സ്ഥലത്തെത്തി. 

എന്നാൽ പൊലീസ് വരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ കാറിൽ വന്ന സംഘം ഉടൻ തന്നെ വണ്ടിയെടുത്ത് മുന്നോട്ടു നീങ്ങി. മറുവശത്തെ റോഡിൽ പൊലീസ് വാഹനം പിന്തുടരുന്നു എന്ന് മനസിലാക്കിയ സംഘം സർവീസ് റോഡിലൂടെ അമിതവേഗത്തിൽ കുതിച്ചു. എതിർദിശയിൽ വന്ന വാഹനങ്ങൾ പലതും കാറിന്റെ വരവ് കണ്ട് റോഡ് വശത്തേക്ക് മാറിയതിനാൽ അപകടം ഒഴിവായി. സമീപത്തെ വീടിന്റെ മുന്നിലുള്ള സിസിടിവി ക്യമാറായിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. 

വിഴിഞ്ഞം മുക്കോല ഭാഗം വരെ പൊലീസ് കാറിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. കല്ലുവെട്ടാൻകുഴി പുതിയ ബൈപാസ് റോഡ് അടുത്തിടെയായി ലഹരി മാഫിയയുടെയും റേസിംഗ് സംഘങ്ങളുടെയും താവളമായി മാറിയിരിക്കുകയാണ്. പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.