പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന് കേസില്‍ ഒന്‍പത് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന് കേസില്‍ ഒന്‍പത് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടില്‍ റൂമെടുത്ത യുവാക്കളില്‍ നിന്ന് 2.42 ഗ്രാം ഹാഷിഷ് ഓയിലടക്കം പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തു. 

വടകര കോട്ടപ്പള്ളി സ്വദേശികളായ വള്ളിയാട് പയിങ്ങാട്ട് വീട്ടില്‍ ബിവിന്‍ (32), വള്ളിയാട് കിഴക്കേച്ചാലില്‍ ഹൗസ് നിധീഷ് (27), വള്ളിയാട് മാളികത്താഴെ വീട്ടില്‍ മിഥുന്‍ (29), പുത്തന്‍കോയിലോത്ത് വിഷ്ണു (27), അക്ഷയ് (24), വാനക്കണ്ടിപ്പൊയില്‍ വീട്ടില്‍ വിഷ്ണു (26), വരവുകണ്ടിയില്‍ വീട്ടില്‍ സംഗീത് (29), വള്ളിയാട് ജിതിന്‍ (31), വള്ളിയാട് റെജീഷ് (32) എന്നിവരാണ് പിടിയിലായത്. 

സംഘം വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ എന്‍ ഡി പി എസ് നിയമപ്രകാരം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എസ്പിഒ അബ്ദുല്‍ നാസര്‍, സിപിഒമാരായ പ്രജീഷ്, പ്രവീണ്‍, വിജിത മോള്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റിസോര്‍ട്ടിലെത്തി പരിശോധന നടത്തുകയായിരുന്നുവെന്നാണ് വിവരം.

Read more: ദുരഭിമാനം, 'വെട്ടിക്കൊന്ന' ഭർത്താവിന്റെ കുടുംബത്തിന് മകളായി, പോരാട്ടത്തിന്റെ പാതയിൽ പുതിയ സംരംഭവുമായി കൗസല്യ

അതേസമയം, ബാലുശ്ശേരി, കാക്കൂർ, താമരശ്ശേരി, അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് വിതരണക്കാരായ മൂന്നുപേർ ബാലുശ്ശേരിയിൽ പിടിയിലായി. നിരവധി കേസുകളിൽ ഉൾപ്പെട്ട നന്മണ്ട താനോത്ത് സ്വദേശി അനന്തു, കണ്ണങ്കര പുല്ലു, മലയിൽ സ്വദേശി ജാഫർ, അമ്പായത്തോട് പുല്ലുമലയിൽ സ്വദേശി മിർഷാദ് എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവർ മുമ്പ് ഇത്തരം കേസുകൾക്ക് ജയിലിലായി അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയവരാണ്.

ജില്ലയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പ്രധാന വിതരണക്കാരുമായ ഇവരെ വലയിലാക്കാൻ കഴിഞ്ഞത് മയക്കുമരുന്ന് വേട്ടയിൽ മറ്റൊരു പൊൻതൂവലാണെന്ന് പൊലീസ് പറഞ്ഞു.