ആലപ്പുഴ: മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് പുറത്ത് നിന്നും ലഹരി വസ്തുക്കൾ എത്തുന്നു. കഞ്ചാവും ലഹരി ഗുളികകളും പൊതികളാക്കി സബ് ജയിൽ വളപ്പിലേക്ക് വലിച്ചെറിയുന്നത് പതിവാണ്. ഇതോടൊപ്പം നിരോധിത പുകയില ഉൽപന്നങ്ങളും വലിയ തോതിലാണ് സ്പെഷ്യൽ സബ് ജയിലിലേക്ക് എത്തുന്നത്. 

കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജയിലിന്റെ അടുക്കള ഭാഗത്തേക്കാണ് പുറത്ത് നിന്നും ചെറിയ പൊതികൾ വലിച്ചെറിയുന്നത്. പൊതികൾ അഴിച്ചു പരിശോധിച്ചപ്പോഴാണ് കഞ്ചാവും ലഹരി ഗുളികകളും കണ്ടത്. ഇതുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർ പൊലീസിനും എക്സൈസിനും പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ തെക്ക് ഭാഗത്ത് പടീത്തോടിനോട് ചേർന്നുള്ള കോൺക്രീറ്റ് റോഡ് കടന്നു പോകുന്നത് ജയിലിന്റെ മതിൽക്കെട്ടിന് സമീപത്തു കൂടിയാണ്. 

ഇതുവഴിയാണ് ലഹരി വസ്തുക്കൾ ജയിലിനുള്ളിലേക്ക് എത്തുന്നത്. പട്ടാപ്പകലാണ് പൊതികളാക്കി ഇവ ജയിൽ വളപ്പിലേക്ക് എറിയുന്നത്. സംഭവത്തിൽ ഇതുവരെയും ആരെയും പിടികൂടാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പ്രദേശത്തെ താമസക്കാരല്ലാത്ത പലരും പകൽ സമയത്ത് ഇരുചക്ര വാഹനങ്ങളിൽ ഇവിടെയെത്തി തമ്പടിക്കുന്നത് പതിവാണെന്ന് പരിസരവാസികൾ പറയുന്നു. 

ഇതിനെ ചോദ്യം ചെയ്ത സമീപവാസികളെ ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. ജയിൽ വളപ്പിലേക്ക് പൊതിക്കെട്ട് വലിച്ചെറിയൽ വ്യാപകമായതോടെ ഇടയ്ക്കുള്ള സമയങ്ങളിൽ ജയിൽ ഉദ്യോഗസ്ഥർ നേരിട്ട് റോഡിൽ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്താകട്ടെ എല്ലായ്പ്പോഴും പരിശോധന നടത്താൻ അധികൃതർക്ക് കഴിയാറുമില്ല. എക്സൈസാകട്ടെ കാര്യമായ പരിശോധന ഈ ഭാഗത്ത് നടത്തുന്നുമില്ല. ഈ വിഷയത്തിൽഅന്വേഷണം നടന്നു വരികയാണെന്ന് ജയിൽഅധികൃതർ പറഞ്ഞു .