ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ച ഏഷ്യാനെറ്റ് ന്യുസ് ക്യാമറമാനെ ആക്രമിക്കാനും പിടിയിലായ യുവതി ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ ലഹരിപാർട്ടി നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. ഒരു യുവതിയും ഏഴ് യുവാക്കളുമാണ് മാവൂർ റോഡിലെ ലോഡ്ജില്‍നിന്നും അറസ്റ്റിലായത്. ഇവരില്‍നിന്നും അരക്കിലോ ഹാഷിഷും ആറ് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

പിറന്നാൾ ദിന പാർട്ടി നടത്താനെന്ന പേരിലാണ് ദിവസങ്ങൾക്ക് മുമ്പ് മാവൂർ റോഡിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയും യുവാക്കളും 3 മുറികളെടുത്തത്. സംശയംതോന്നി ഉച്ചയോടെ നടക്കാവ് പൊലീസ്, ലോഡ്ജിലെത്തി നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലും എംഡിഎംഎയും പിടികൂടിയത്. വിപണിയില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ലഹരിവസ്തുക്കളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കോഴിക്കോട് നഗരപരിസരത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള എട്ട് പേരാണ് പിടിയിലായത്. ഇവരെ കൂടാതെ നിരവധി യുവാക്കളും യുവതികളും കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ്ജില്‍ വന്നുപോയിരുന്നതായും പൊലീസ് പറഞ്ഞു. ഇവരെകുറിച്ചും അന്വേഷണം തുടങ്ങിയെന്ന് നടക്കാവ് എസ് ഐ കൈലാസ് നാഥ് പറഞ്ഞു.

ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെ സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രതികളെ ലോഡ്ജില്‍ നിന്ന് ഇറക്കുന്ന ദൃശ്യങ്ങളെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് നേരെ പിടിയിലായ യുവതിയുടെ രോഷ പ്രകടനം. ലഹരി വില്‍ക്കുന്ന സംഘത്തിലെ കണ്ണികളോണോ ഇവരെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍