കാസർകോട് മദ്യലഹരിയിൽ വാഹനമോടിച്ച പൊലീസുകാരൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറ്റി. നാട്ടുകാർ തടഞ്ഞുവെച്ച ബേഡകം സ്റ്റേഷനിലെ സിപിഒ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.
കാസർകോട് :മദ്യലഹരിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ പൊലീസുകാരനെതിരെ കേസെടുത്തു. കാസർകോട് അട്ടേങ്ങാനത്ത് ഇന്നലെ രാത്രിയാണ് അപകടം. ബേഡകം പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീകുമാറിനെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്. ശ്രീകുമാറിനെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ശ്രീകുമാർ ഉപയോഗിച്ച K L 79 3578 കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.അപകടശേഷം നാട്ടുകാർ തടഞ്ഞ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.
അപകടത്തിന് മുമ്പ് കാർ റോഡിലൂടെ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസ് അടക്കം ചില വാഹനങ്ങളിൽ ഉരസിയതായും നാട്ടുകാർ പറയുന്നു.തുടർന്ന് നിയന്ത്രണം വിട്ട വാഹനം സമീപത്തെ ബസ് കാത്തിരിപ്പ് ഇടിക്കുകയായിരുന്നു. ഈ സമയത്ത് ആരും പരിസരത്ത് ഇല്ലാത്തതിനാൽ അപകടം ഒഴിവായി. അപകടം നടന്നതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. തുടർന്ന് അപകടത്തിനും മദ്യലഹരിയിൽ വാഹനമോടിച്ചതിനും ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി ശ്രീകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവം പൊലീസ് സേനയ്ക്കുള്ളിലും ചർച്ചയായിട്ടുണ്ട്. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം സൃഷ്ടിച്ചെന്ന ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ ശ്രീകുമാറിനെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.


