ബിവറേജിന് സമീപമുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാളാണ് ആക്രമണത്തിനിരയായത്

കോഴിക്കോട്: മദ്യലഹരിയിൽ കോഴിക്കോട് പട്ടാപ്പകൽ യുവാവിന്‍റെ പരാക്രമം. മദ്യലഹരിയിലായിരുന്ന യുവാവ് നടുറോഡില്‍ നടന്നുപോകുകയായിരുന്ന യുവതിയെ ചവിട്ടി വീഴ്ത്തി. കോഴിക്കോട് മുക്കം നഗരത്തിലാണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് തിരുവമ്പാടി സ്വദേശിയായ ഷിഹാബുദ്ദീനെന്ന പ്രതിയെ പിടികൂടുകയും ചെയ്തു. ബിവറേജിന് സമീപമുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാളാണ് ആക്രമണത്തിനിരയായത്.

ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം നടന്നത്. തിരുവമ്പാടി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്നു ഇരുവരും. തുടര്‍ന്ന് ഷിഹാബുദ്ദീനും ഇവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ ഇയാള്‍ ഇവര്‍ക്ക് സമീപത്തേക്ക് ഓടിയെത്തി ഒരു യുവതിയുടെ പിറകില്‍ ശക്തമായി ചവിട്ടുകയായിരുന്നു. ദൂരേക്ക് തെറിച്ചുപോയ യുവതി റോഡരികിലേക്ക് വീഴുന്നതും ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. ആളുകള്‍ കൂടുന്നതിന് മുന്‍പ് തന്നെ ഷിഹാബുദ്ദീന്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് തിരുവമ്പാടി പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.