കോട്ടയം: മദ്യലഹരിയില്‍ വഴക്കിനിടെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ടു. റോഡില്‍ വീണ മധ്യവയസ്കന്‍ ലോറിയിടിച്ച് മരിച്ചു. ഏറ്റുമാനൂരില്‍ ആക്രിക്കച്ചവടം നടത്തുന്ന അശോകനാണ് മരിച്ചത്. സംഭവത്തില്‍ അശോകന്‍റെ സുഹൃത്തായ പേമലകുന്നേല്‍ പൊന്നപ്പനെ പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. 

ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുകയും വഴക്കിനിടെ അശോകനെ പൊന്നപ്പന്‍ റോഡിലേക്ക് തള്ളുകയുമായിരുന്നു. റോഡിലേക്ക് വീണ അശോകന്‍റെ മുകളിലൂടെയാണ് ടിപ്പര്‍ ലോറി കയറിയത്. ഇയാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വര്‍ഷങ്ങളായി ഈ പ്രദേശത്ത് ആക്രിപെറുക്കുന്നയാളാണ് അശോകന്‍. ഇയാളുടെ നീടിനെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.