എസ് ഐ ലീല വേലായുധനും സംഘവും പരാതിക്കാരന്‍ പറഞ്ഞ സ്ഥലത്തെത്തി. ഈ സമയം അഞ്ച് യുവാക്കള്‍ ഇവിടെയിരുന്ന് മദ്യപിച്ച് ബഹളം വെക്കുകയായിരുന്നു. ഇതില്‍ ഒരാളുടെ മുഖത്ത് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു.

കോഴിക്കോട്: പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന പരാതി ലഭിച്ചതനുസരിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ഭീഷണിപ്പെടുത്തി മദ്യപസംഘം. ഇന്നലെ രാത്രി കോഴിക്കോട് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് പൊലീസും ഒരുകൂട്ടം യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായത്. രാത്രി 10.15ഓടെ നടക്കാവ് പൊലീസ് സ്‌റ്റേഷനിലേക്ക് പ്രദേശവാസി പരാതിയുമായി വിളിക്കുകയായിരുന്നു. 

തുടര്‍ന്ന് എസ് ഐ ലീല വേലായുധനും സംഘവും പരാതിക്കാരന്‍ പറഞ്ഞ സ്ഥലത്തെത്തി. ഈ സമയം അഞ്ച് യുവാക്കള്‍ ഇവിടെയിരുന്ന് മദ്യപിച്ച് ബഹളം വെക്കുകയായിരുന്നു. ഇതില്‍ ഒരാളുടെ മുഖത്ത് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു. വിവരം അന്വേഷിച്ച എസ് ഐയോടും സംഘത്തോടും തങ്ങള്‍ സര്‍ക്കാര്‍ തന്ന സാധനം ബീവറേജില്‍ നിന്ന് പണം വാങ്ങിക്കഴിക്കുകയാണെന്നും നിങ്ങള്‍ക്കെന്താണ് പ്രശ്‌നം എന്ന് ചോദിച്ച് തട്ടിക്കയറുകയായിരുന്നു. 

മൊബൈല്‍ ക്യാമറയില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ പ്രകോപിതരായ ഇവര്‍ പൊലീസ് വാഹനത്തിന് ചുറ്റും നിന്ന് വണ്ടി തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷ സാഹചര്യം നിലനിന്നതിനാല്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ സംഭവസ്ഥലത്തേക്ക് എത്തി. സാഹചര്യം പന്തികേടാണെന്ന് മനസ്സിലാക്കിയ യുവാക്കള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് ഒരാളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കരുവിശ്ശേരി മുണ്ടിയാടി മോഹനന്റെ മകന്‍ നിഖില്‍(35) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഐ.പി.സി 353, 294(യ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് . ഓടി രക്ഷപ്പെട്ട മറ്റ് നാല് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ കത്തി 'ബോയ്‍ക്കോട്ട് മാൽഡീവ്സ്', കൂട്ടത്തോടെ യാത്ര റദ്ദാക്കി ഇന്ത്യക്കാര്‍; ഒരേയൊരു കാരണം!

ലോകം ശ്രദ്ധിക്കുന്ന തീരുമാനവുമായി കെഎസ്ആർടിസി, നാളെ പരസ്യം നൽകും; സ്വിഫ്റ്റിൽ ട്രാൻസ് വിഭാഗക്കാരെ നിയമിക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം