സുഹൃത്തുക്കളോടൊപ്പം ഒരുമിച്ചിരുന്ന് മദ്യപിച്ചയാള്‍ അതേ സംഘത്തിലെ ആളോടിച്ച കാറിടിച്ച് മരിച്ചു. മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
ചമ്രവട്ടം: ഒരുമിച്ച് മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ അതേ സംഘത്തിലെ സുഹൃത്ത് ഓടിച്ച കാറിടിച്ച് മധ്യവയസ്കന്‍ മരിച്ചു. ചമ്രവട്ടം തിരുത്തുമ്മല്‍ വളപ്പില്‍ ഉണ്യാലന്‍റെ മകന്‍ മണികണ്ഠനാണ്(47) മരിച്ചത്. ചമ്രവട്ടം പെരിന്തല്ലൂര്‍ ആനയൊഴുക്കംപാലം കാവഞ്ചേരി റോഡില്‍ ബുധനാഴ്ചയാണ് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം.
കോണ്‍ക്രീറ്റ് തൊഴിലാളിയായ മണികണ്ഠന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലേക്ക് നടന്നുപോകുന്ന വഴി കൂടെ മദ്യപിച്ച സുഹൃത്ത് താജുദ്ദീന്‍ ഓടിച്ച വാഹനം നിയന്ത്രണം തെറ്റി മണികണ്ഠനെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാര്‍ മണികണ്ഠനെ ഇടിച്ചതോടെ ഭയന്ന താജുദ്ദീന്‍ മറ്റൊരാളോടൊപ്പം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് അതുവഴി വന്ന നാട്ടുകാരാണ് മണികണ്ഠനെ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച് അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് താജുദ്ദീനെ(31) തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
