അപകടം നടന്നയുടൻ ഓടിയെത്തിയ നാട്ടുകാർക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് മനസിലാവുകയായിരുന്നു. 

കോഴിക്കോട്: മദ്യലഹരിയില്‍ ഡ്രൈവര്‍ മുന്നോട്ടെടുത്ത ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പിതാവിനും മകള്‍ക്കും പരിക്കേറ്റു. കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ കുരിയാനിക്കല്‍ അബ്ദുറഹ്‌മാന്‍ (58), മകള്‍ റിനു ഫാത്തിമ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദേശീയ പാതയില്‍ അമ്പായത്തോട്ടിലെ ബാറിന് മുന്‍വശത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.

റോഡരികിലെ ബാറിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു ലോറി. പിന്നീട് ഡ്രൈവര്‍ വാഹനത്തില്‍ കയറുകയും ലോറി പെട്ടന്ന് റോഡിലേക്ക് കയറ്റി തെറ്റായ ദിശയിലേക്ക് പ്രവേശിക്കുകയുമായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു. സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഡ്രൈവറെ പരിശോധിച്ചപ്പോള്‍ ഇയാള്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് മനസിലാവുകയായിരുന്നു. 

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് അബ്ദുറഹിമാനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും റിനു ഫാത്തിമയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടിപ്പര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം