Asianet News MalayalamAsianet News Malayalam

ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി ബാധ; താറാവ്, ഇറച്ചിക്കോഴി വില്പന വീണ്ടും കുറഞ്ഞു; പ്രതിസന്ധിയെന്ന് കര്‍ഷകര്‍

ഇവിടങ്ങളിൽ പതിവായി പക്ഷിപ്പനി സ്ഥിരീകരിക്കുന്നതു ജില്ലയിൽ കച്ചവടത്തെ ബാധിച്ചിരുന്നു. ഇതിനുപുറമേയാണു രോഗം ജില്ലയിലെ മറ്റു മേഖലകളിലേക്കും എത്തുന്നത്.

Duck and broiler sales declined again in alappuzha by bird flu
Author
First Published Jan 12, 2023, 2:47 PM IST

ആലപ്പുഴ: അടുത്തിടെ ജില്ലയുടെ ചിലഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവ്, ഇറച്ചിക്കോഴി വില്പന വീണ്ടും കുറഞ്ഞു. കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളിലെ ചില പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ആദ്യം ബാധിച്ചത്. ആലപ്പുഴ നഗരത്തിലും കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചതു വലിയ തിരിച്ചടിയായി. ഇവിടങ്ങളിൽ പതിവായി പക്ഷിപ്പനി സ്ഥിരീകരിക്കുന്നതു ജില്ലയിൽ കച്ചവടത്തെ ബാധിച്ചിരുന്നു. ഇതിനുപുറമേയാണു രോഗം ജില്ലയിലെ മറ്റു മേഖലകളിലേക്കും എത്തുന്നത്. 

താറാവുകളിലാണ് ആദ്യം രോഗം ബാധിച്ചതെങ്കിലും കോഴി വിപണിയും ഇടിഞ്ഞു. താറാവ്, കോഴിയിറച്ചി വാങ്ങിയിരുന്നവർ മത്സ്യങ്ങളിലേക്കും ബീഫ്, മട്ടൻ വിഭവങ്ങളിലേക്കും മാറി. ഹോട്ടലുകളിലും കച്ചവടം പ്രതിസന്ധിയിലായി. പക്ഷിപ്പനി സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിൽ പത്തു കിലോമീറ്ററോളം ചുറ്റളവിൽ കോഴി-താറാവ് ഇറച്ചിക്കും മുട്ടയ്ക്കും താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി ദേശീയതലത്തിൽ വാർത്തയായിട്ടും ഇതു യഥാസമയം പരിശോധിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള സംവിധാനമില്ലെന്നു കർഷകരും വ്യാപാരികളും കുറ്റപ്പെടുത്തുന്നു.

തുടർച്ചയായി പക്ഷിപ്പനി സ്ഥിരീകരിക്കുന്നതുമൂലം പല കർഷകരും മേഖല വിട്ടൊഴിയുന്നുണ്ട്. അതിനാൽ തമിഴ്‌നാട്ടിൽനിന്നു കോഴികൾ കൂടുതലായി എത്തുന്നു. 450 രൂപ വിലയുണ്ടായിരുന്ന താറാവിന് ഇപ്പോൾ വില 300 രൂപയിൽ താഴെയെത്തി. ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 140 രൂപയും ഇറച്ചിക്ക് 240 രൂപയുമാണ് ശരാശരി നിരക്ക്.

നിലവിൽ പക്ഷിപ്പനി സ്ഥിരീകരിക്കണമെങ്കിൽ മൃഗസംരക്ഷണവകുപ്പ് സാംപിളുകൾ ശേഖരിച്ച് ഭോപാലിലെ ലാബിലേക്ക് അയക്കണം. പരിശോധനാഫലം ലഭിക്കാൻ 15 ദിവസത്തോളമെടുക്കും. അതിനുശേഷമാണ് സ്ഥിരീകരണം. ഇതിനുള്ളിൽ രോഗം വ്യാപിക്കും. വൈറോളജി ലാബ് സംവിധാനം ആലപ്പുഴയിലുണ്ടെങ്കിലും അപ്ഗ്രേഡ് ചെയ്താലേ ഇവിടെ പരിശോധിക്കാനാകൂ.

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു: തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദം


 

Follow Us:
Download App:
  • android
  • ios