ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കുട്ടനാട്ടിലെ താറാവ് കര്‍ഷകർ ഭീതിയിൽ. കുട്ടനാട് തലവടി വേഴപ്രത്ത് കുട്ടപ്പായിയുടേയും, ഹരിപ്പാട് പള്ളിപ്പാട്ട് വാഴയ്യത്ത് തറയില്‍ പുത്തന്‍വീട്ടില്‍ സാമുവലിന്റെ താറാവിലുമാണ് പക്ഷിപ്പനി ആദ്യമായി പ്രകടമായത്. കുട്ടപ്പായിയുടെ പതിമൂവായിരത്തോളം താറാവുകളും,  സാമുവലിന്റെ ഏഴായിരത്തോളം താറാവുകളും ഇതിനോടകം ചത്തൊടുങ്ങിയിരുന്നു.  

കണ്ണുകള്‍ നീലിച്ച് കാഴ്ചമങ്ങി ചുണ്ട് വിറപ്പിച്ച് കറങ്ങിവീണാണെ താറാവുകള്‍ ചാത്തിരുന്നത്. ചെന്നിത്തല വാഴക്കൂട്ടം ഹാച്ചറിയില്‍ നിന്ന് കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ഒരുദിവസം പ്രായമുള്ള 20312 കുഞ്ഞുങ്ങളെ കുട്ടപ്പായിയും, ചാത്തങ്കരിയിലെ സ്വകാര്യ ഹാച്ചറിയില്‍ നിന്ന് നവംബര്‍ 25-ന് ഒരുദിവസം പ്രാമുള്ള 8670 താറാവിന്‍ കുഞ്ഞുങ്ങളെ സാമുവലും വാങ്ങിയിരുന്നു. ആഴ്ചക്കുള്ളില്‍ താറാവുകള്‍ ചാത്തൊടുങ്ങിയതോടെ തിരുവല്ല മഞ്ഞാടിയിലും, തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. 

ഇരുസ്ഥലങ്ങളിലേയും പരിശോധനഫലം കൃത്യമാകാത്തതിനെ തുടര്‍ന്ന് മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. പി.എം പ്രിയയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടപ്പായിയുടെ താറാവ് കിടക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. ചത്തതാറാവുകളുടെ ആന്തരിക അവയവം, തീറ്റ, താറാവുകളെ ഇറക്കിവിടുന്ന നദിയിലെ ജലം എന്നിവ പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. താറാവുകളില്‍ ബാക്ടീരിയ ബാധയെണെന്ന് സംഘത്തിന്റെ പ്രാധമിക നിഗമനം തിരുത്തിയാണ് പക്ഷിപ്പനി സ്ഥിതീകരിച്ചത്.  

കുട്ടപ്പായിക്ക് ആറ് സ്ഥിരം തൊഴിലാളികള്‍ക്ക് പുറമേ രോഗം പ്രകടമായതോടെ മൂന്ന് താല്കാലിക തൊഴിലാളികളെകൂടി ഉള്‍പ്പെടുത്തിയാണ്  താറാവിനെ പരിപാലിച്ചിരുന്നത്. ചത്തുപോയ താറാവുകള്‍ക്ക് പതിനഞ്ച് ലക്ഷം രൂപായോളം നഷ്ടം വന്നതായി കുട്ടപ്പായി പറയുന്നു. 2014, 16 വര്‍ഷത്തില്‍ പക്ഷിപ്പനി പിടിപെട്ട് കുട്ടപ്പായിയുടെ പതിനായിരക്കണക്കിന് താറാവുകള്‍ ചത്തിരുന്നു. സമാനസ്ഥിതിയാണ് സാമുവേലിനും വന്നുചേര്‍ന്നത്. 

രോഗം പ്രകടമായതോടെ മഞ്ഞാടിയിലെ ഡോക്ടര്‍ ലിവര്‍ടോണ്‍ മരുന്നും വിറ്റാമിനുമാണ്  നിര്‍ദ്ദേശിച്ചത്. മരുന്നുകള്‍ നല്‍കിയിട്ടും ദിവസേന നൂറ് കണക്കിന് താറാവുകളാണ് ചത്തൊടുങ്ങിയത്. മൂന്ന് തൊഴിലാളികളെ ഉപയോഗിച്ച് താറാവുകളെ പരിപാലിക്കുന്ന സാമുവേല്‍ പ്രതിദിനം ആയിരക്കണക്കിന് രൂപാ ചിലവഴിച്ചാണ് താറാവ് തീറ്റകള്‍ വാങ്ങുന്നത്. എട്ട് ലക്ഷം രൂപയുടെ കടബാധ്യത സംഭവിച്ചതായി സാമുവല്‍ പറയുന്നു. 

പക്ഷിപ്പനിക്ക് സമാനമായാണ് താറാവുകള്‍ ചത്തൊടുങ്ങുന്നതെന്ന് കര്‍ഷകര്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയെങ്കിലും പരിശോധന ഫലം വൈകിയതാണ് കര്‍ഷകര്‍ക്ക് കനത്ത നഷ്ടം നേരിട്ടത്. കുട്ടപ്പായിയുടെ താറാവുകള്‍  ചമ്പക്കുളം കൊണ്ടാക്കല്‍ പള്ളിക്ക് സമീത്തെ പാടത്താണ് കിടക്കുന്നത്.  രോഗം മറ്റ് താറാവ് കര്‍ഷകരിലേക്കും പടര്‍ന്നതായി സൂചനുണ്ട്. ചിലകര്‍ഷകരുടെ താറാവുകള്‍ ചാത്തിരുന്നതായും കുട്ടപ്പായി പറയുന്നു.