Asianet News MalayalamAsianet News Malayalam

പൊലീസുകാര്‍ക്ക് കൊവിഡ്; മാനന്തവാടി സ്റ്റേഷനില്‍ ചുമതലമാറ്റം

 മാനന്തവാടി സ്റ്റേഷന്‍ അണുവിമുക്തമാക്കുന്ന പ്രക്രിയ ആരോഗ്യ പ്രവര്‍ത്തകരുടെയും ഫയര്‍ ഫോഴ്സിന്‍റെയും നേതൃത്വത്തില്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവമാണ് പരിശോധിച്ചത്.

duties exchanged after police officers found covid 19 positive in mananthavady
Author
Mananthavady, First Published May 14, 2020, 1:21 PM IST

തിരുവനന്തപുരം: മൂന്നു പൊലീസുകാര്‍ക്ക് കൊവിഡ് 19  സ്ഥിരീകരിച്ച മാനന്തവാടി പൊലീസ് സ്റ്റേഷന്‍റെ ചുമതല താല്‍കാലികമായി വെള്ളമുണ്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കി. മാനന്തവാടി സബ് ഡിവിഷന്‍ ചുമതല വയനാട് അഡിഷണല്‍ എസ്പിക്കും നല്‍കിയിട്ടുണ്ട്. മാനന്തവാടി സ്റ്റേഷനിലെ വയര്‍ലെസ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ സമീപത്തെ  ഡിവൈഎസ്പി ഓഫീസില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കും.

മാനന്തവാടി സ്റ്റേഷന്‍ അണുവിമുക്തമാക്കുന്ന പ്രക്രിയ ആരോഗ്യ പ്രവര്‍ത്തകരുടെയും ഫയര്‍ ഫോഴ്സിന്‍റെയും നേതൃത്വത്തില്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവമാണ് പരിശോധിച്ചത്. അതില്‍ 18 ഫലം അറിവായതില്‍  മൂന്നു പേര്‍ക്ക് കൊവിഡ് 19  സ്ഥിരീകരിച്ചിട്ടുണ്ട്.

മാനന്തവാടി പൊലീസ് സ്റ്റേഷനിലെ സ്രവം നല്‍കിയ എല്ലാ പൊലീസുകാരും ഡ്യൂട്ടി റസ്റ്റ് ആയിരുന്നവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ സമീപത്തെ ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും  നിരീക്ഷണത്തില്‍ ആണ്. മാനന്തവാടി സബ് ഡിവിഷനിലെ മറ്റു പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരെ ഉപയോഗിച്ച് മാനന്തവാടി സ്റ്റേഷന്‍ പരിധിയിലെ ഹോട്സ്പോട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് സന്ദര്‍ശനം നടത്തുന്നത് പരമാവധി ഒഴിവാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു. സ്റ്റേഷനിലെ അത്യാവശ്യ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പിപിഇ കിറ്റ് ധരിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും അവരെ സഹായിക്കാനായി ഒരു ആരോഗ്യ പ്രവര്‍ത്തകനെയും നിയോഗിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios