നിലമ്പൂർ: മലപ്പുറത്ത് പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയിൽ ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തർക്കം കത്തികുത്തിൽ കലാശിച്ചു. തര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്തേറ്റ് ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്കേറ്റു. ഡിവൈഎഫ്ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡന്റ് മൂത്തേടത്ത് മുജീബ് റഹ്മാൻ(36)നാണ് വെട്ടേറ്റത്. 

മുജീബ് റഹ്മാന്‍റെ കൈവിരലിനാണ് സാരമായി പരിക്കേറ്റത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുജീബ് റഹ്മാനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടേരി സ്വദേശി വാളപ്ര ഷൗക്കത്ത്(56) എന്നയാളെ പോത്തുകൽ സി ഐ ശംഭുനാഥ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. 

മുണ്ടേരി നാരങ്ങാപ്പൊയിൽ ബദൽ സ്‌കൂളിൽ നടന്ന രണ്ടാം വാർഡിലെ ഗ്രാമസഭ യോഗത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു.  യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ മുജീബ് റഹ്മാനും ഷൗക്കത്തും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടാകുകയും തർക്കം കത്തികുത്തിൽ കലാശിക്കുകയുമായിരുന്നു. ഷൗക്കത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ആദ്യം കഴുത്തിനായിരുന്നു വെട്ടിയതെന്നും  ഇടത് കൈകൊണ്ട് തടയുന്നതിനിടെയാണ് കൈ വിരലുകൾക്ക് വെട്ടേറ്റതെന്നും മുജീബ് റഹ്മാൻ പൊലീസിന് മൊഴി നല്‍കി. 

കുത്തേറ്റ ഉടൻതന്നെ മുജീബിനെ പോത്തുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലം എംഎല്‍എ ആയ പി വി അൻവറിനെയെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് എൽ ഡി എഫ്, യു ഡി എഫ് പ്രവർത്തകർ തമ്മിൽ  പ്രശ്നം തുടങ്ങിയത്. ഇതിന്റെ തുടർച്ചയാണ്  സംഘർഷമെന്നാണ് സൂചന. ഒരു മാസമായി പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുണ്ടേരിയിലെത്തിയ സ്ഥലം എംഎല്‍എയെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ദിവസം രാത്രി മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ വച്ചാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍  എം എല്‍ എയെ തടഞ്ഞത്. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.  മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എംഎൽഎ എത്തിയതെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.   കോളനിക്ക് സമീപം പി വി അൻവർ എംഎൽഎയെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് പ്രദേശത്ത് ചെറിയ തോതിൽ  സംഘർഷമുണ്ടായി.എംഎല്‍എയുടെ പരാതിയില്‍ പൊലീസ് യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. 

 യുഡിഎഫുകാരുടെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും മദ്യവും പണവും നല്‍കി സ്വാധീനിക്കുന്നത് യുഡിഎഫ് ശൈലിയാണെന്നുമായിരുന്നു അന്ന് പിവി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചത്. തെരഞ്ഞെടുപ്പില്‍ പോത്തുകല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് വലിയ നേട്ടം കൈവരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തെങ്കിലും, മുണ്ടേരിയില്‍ എംഎല്‍എയെ തടഞ്ഞ വാര്‍ഡില്‍  യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. അന്നത്തെ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചായായി പ്രദേശത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍‌ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഗ്രാമസഭയ്ക്കിടെ ഉണ്ടായ വാക്കേറ്റമെന്നാണ് പൊലീസ് പറയുന്നത്.