പത്താം വയസിൽ സ്വരമാധുരിയാൽ നാടിനെ കൊതിപ്പിച്ചവന് ഒരു ദിനം പാട്ട് മുറിഞ്ഞു. നാടൻ പാട്ടുകളെ ഏറെ ഇഷ്ടപ്പെട്ട നിജിലിന് 15-ാം വയസിലാണ് അർബുദം പിടിപെട്ടത്. ചികിത്സയ്ക്കായി വേണ്ടത് 80 ലക്ഷമാണ്.
പാലക്കാട്: നാടൻപാട്ട് ഗായകന് പുതുജീവൻ നൽകാൻ കൈകോർത്ത് പാലക്കാട്ടെ ഡി.വൈഎഫ്ഐ. കാൻസർ രോഗം ബാധിച്ച ഷൊർണ്ണൂർ മുണ്ടായ സ്വദേശി നിജിലിന്‍റെ ചികിത്സാ ചെലവിനാണ് ഡിവൈഎഫ്ഐ 50 ലക്ഷം രൂപ ഒരു മാസം കൊണ്ട് സമാഹരിച്ച് നൽകിയത്. ഡിവൈഎഫ്ഐയുടെ സജീവപ്രവർത്തകനും കൂട്ട് കലാ സാംസ്കാരികവേദിയിലെ ഗായകനുമാണ് നിജിൽ. പത്താം വയസിൽ സ്വരമാധുരിയാൽ നാടിനെ കൊതിപ്പിച്ചവന് ഒരു ദിനം പാട്ട് മുറിഞ്ഞു. നാടൻ പാട്ടുകളെ ഏറെ ഇഷ്ടപ്പെട്ട നിജിലിന് 15-ാം വയസിലാണ് അർബുദം പിടിപെട്ടത്. ചികിത്സയ്ക്കായി വേണ്ടത് 80 ലക്ഷമാണ്.
കുടുംബത്തിന് താങ്ങാനാവുന്നതല്ലെന്ന് കണ്ടതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങി. ബക്കറ്റ് പിരിവ്, സ്ക്രാപ് ചലഞ്ച്, പായസ ചലഞ്ച്, ബിരിയാണി ചലഞ്ച് എന്നിങ്ങനെ 200 മേഖലാകമ്മറ്റികൾ ഒന്നിച്ചിറങ്ങിയായിരുന്നു ക്യാംപയിൻ. സമാഹരിച്ചത് അരക്കോടി രൂപയാണ്. ശസ്ത്രക്രിയ ഉടൻ വേണമെന്നതിനാലാണ് അതിവേഗം തുകകണ്ടെത്തിയത്. സമാഹരിച്ച 50 ലക്ഷം രൂപ നിജിലിന്‍റെ സഹോദരന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് കൈമാറി.
