ഡിവൈഎഫ്ഐ നേതാവ് മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരെ അക്രമിച്ച കേസ് അട്ടി മറിക്കാന്‍ നീക്കമെന്ന് ആരോപണം
അഞ്ച് ലക്ഷം രൂപയോളം വാഗ്ദാനം ചെയ്ത് ഒത്തു തീര്‍പ്പിന് സമ്മര്‍ദം ചെലുത്തി. ഒത്തു തീര്‍പ്പിനായി യോഗം വിളിച്ചു ചേര്‍ത്തു. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ശ്രീലേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ നേതാവിന്‍റെ നേതൃത്വത്തില്‍ അക്രമിച്ച കേസ് അട്ടി മറിക്കാന്‍ നീക്കം. വെളിപ്പെടുത്തലുമായി പരാതിക്കാരനായ മുന്‍ സുരക്ഷാ ജീവനക്കാരന്‍ ശ്രീലേഷ് രംഗത്തെത്തി. ഡിവൈഎഫ്ഐ നേതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഒത്തു തീര്‍പ്പിനുള്ള നീക്കമെന്നും ഇയാൾ ആരോപിച്ചു. മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരുടെ യൂണിയനിലെ ഇടത്അനുകൂലികളുടെ നേതൃത്വത്തിലാണ് ഒത്തു തീര്‍പ്പ് ശ്രമം നടന്നത്. അഞ്ച് ലക്ഷം രൂപയോളം വാഗ്ദാനം ചെയ്ത് ഒത്തു തീര്‍പ്പിന് സമ്മര്‍ദം ചെലുത്തി. ഒത്തു തീര്‍പ്പിനായി യോഗം വിളിച്ചു ചേര്‍ത്തു. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ശ്രീലേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2022 ഓഗസ്റ്റ് 31-നാണ് സംഭവം. മെഡിക്കൽ കോളേജ് പ്രധാന കവാടത്തിൽവെച്ചാണ് സുരക്ഷാജീവനക്കാരായ നരിക്കുനി പുന്നശ്ശേരി കട്ടയാട്ട് ദിനേശൻ (61), ബാലുശ്ശേരി തുരുത്തിയാട് കെ.എ. ശ്രീലേഷ് (42), കുറ്റ്യാടി രവീന്ദ്രപണിക്കർ (53) എന്നിവരെ മർദിച്ചത്. ആശുപത്രി സൂപ്രണ്ടിനെ കാണണമെന്നാവശ്യപ്പെട്ട് അകത്തുകടക്കാൻ ശ്രമിച്ചത് തടഞ്ഞതായിരുന്നു മർദന കാരണം. ഡിവൈഎഫ്ഐയുടെ അന്നത്തെ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ കെ. അരുൺ ഉൾപ്പെടെ 16 പേരെ പ്രതികളാക്കിയാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്.