മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ത്ഥം കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് മുന്നിലെ സംസ്ഥാന പാതയില്‍ ഡിവൈഎഫ്ഐ പ്രതീകാത്മക വായന ശാല സ്ഥാപിച്ചത് തിങ്കളാഴ്ചയാണ്. ഉദ്ഘാടനം ചെയ്തത് എം. വിജിൻ എംഎൽഎ ആയിരുന്നു.
കാസർകോട്: റോഡില്‍ അനധികൃത താല്‍ക്കാലിക നിര്‍മ്മിതികൾ ഉണ്ടാക്കാൻ മത്സരിക്കുകയാണ് കാഞ്ഞങ്ങാട്ട്
യുവജന സംഘടനകള്‍. സംസ്ഥാന പാതയില്‍ ഡിവൈഎഫ്ഐ സ്ഥാപിച്ച പ്രതീകാത്മക വായനശാലയ്ക്കെതിരെ പ്രതിഷേധവുമായി തൊട്ടടുത്ത് കുടില്‍ കെട്ടി യൂത്ത് കോണ്‍ഗ്രസ്. ഇന്നലെ വൈകുന്നേരം അയോധ്യ ക്ഷേത്ര മാതൃക യുവമോര്‍ച്ചയും സ്ഥാപിച്ചു. ഈ നിയമലംഘനങ്ങൾ പൊളിച്ചു മാറ്റാൻ നഗരസഭ ഇതുവരെ തയ്യാറായിട്ടില്ല.
മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ത്ഥം കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് മുന്നിലെ സംസ്ഥാന പാതയില്‍ ഡിവൈഎഫ്ഐ പ്രതീകാത്മക വായന ശാല സ്ഥാപിച്ചത് തിങ്കളാഴ്ചയാണ്. ഉദ്ഘാടനം ചെയ്തത് എം. വിജിൻ എംഎൽഎ ആയിരുന്നു. റോഡ് കയ്യേറി നിര്‍മ്മിച്ച ഇത് പൊളിച്ച് നീക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. പക്ഷേ വായനശാല നീക്കിയില്ല. ഇതോടെ വായനശാലയ്ക്ക് തൊട്ടടുത്ത് റോഡില്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് കുടില്‍ കെട്ടി.
26ന് പാലക്കാട്ട് നടത്തുന്ന റിപ്ലബ്ലിക് റാലിയുടെ ബാനറും ഇതില്‍ സ്ഥാപിച്ചു. ഡിവൈഎഫ്ഐയുടെ അനധികൃത നിര്‍മ്മിതിക്ക് അധികൃതര്‍ കൂട്ടുനില്‍ക്കുകയാണെന്നും അത് പൊളിക്കുമ്പോഴേ ഇതും പൊളിക്കൂവെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. യുവജന സംഘടനകളുടെ പോരിലേക്ക് യുവമോർച്ചയുമെത്തി.
ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും റോഡില്‍ നടത്തിയ നിര്‍മ്മിതികളോട് ചേര്‍ന്ന് അയോധ്യ ക്ഷേത്ര മാതൃകയില്‍ കട്ടൗട്ട് സ്ഥാപിച്ചു. റോഡിലെ നിര്‍മ്മിതികള്‍ നിയമവിരുദ്ധമാണെന്നും പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും കാഞ്ഞങ്ങാട് നഗസരഭാ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. പൊളിച്ചുമാറ്റാനുള്ള നോട്ടീസ് നല്‍കുമെന്നാണ് നഗരസഭയുടെ വിശദീകരണം.
