Asianet News MalayalamAsianet News Malayalam

ഡിവൈഎസ്പി ഓഫീസ് ഇനി ശിശുസൗഹൃദം; പൊലീസ് സ്റ്റേഷന് നിറം കൊടുത്ത് വിദ്യാര്‍ത്ഥികള്‍

 എന്‍ആര്‍ സിറ്റിയിലെ ശ്രീ നാരായണ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ചിത്രരചന നടത്തുന്നത്.

dysp office to be child friendly students paint to the munnar police station
Author
Munnar, First Published Aug 4, 2019, 10:20 AM IST

ഇടുക്കി. അത്യപൂര്‍വ്വമായ പ്രകൃതിയുടെ രസക്കൂട്ടുകളായ നീലക്കുറിഞ്ഞിയും വരയാടുകളെല്ലാം വര്‍ണ്ണങ്ങളായി ഇനി പൊലീസ് സ്റ്റേഷന്‍ ചുമരുകളില്‍. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിലെ ചുമരുകളിലാണ് മൂന്നാറിന്‍റെ പ്രകൃതി സൗന്ദര്യം നിറങ്ങളായി പതിഞ്ഞത്. ചുമരുകളില്‍ തെളിയുന്ന വര്‍ണങ്ങള്‍ വിരിയിക്കുന്നത് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കരവിരുതിലൂടെയാണ്. 

രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. മൂന്നാര്‍ പൊലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫീസുമെല്ലാം ശിശുസൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണ് കുട്ടികളുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ തീരുമാനിച്ചത്. മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പുതിയ ഓഫീസ് കെട്ടിടം തുറക്കുന്നതിന്‍റെ ഒരുക്കങ്ങള്‍ നടക്കുകയാണ്. 
 
ജനമൈത്രി പൊലീസ് മൂന്നാര്‍ സബ് ഡിവിഷന്‍ കോ-ഓര്‍ഡിനേറ്ററായ പി എസ് മധുവിന്‍റെ മേല്‍നോട്ടത്തിലാണ് ചിത്രരചന. എന്‍ആര്‍ സിറ്റിയിലെ ശ്രീ നാരായണ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ചിത്രരചന നടത്തുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നയന്‍ സൂര്യയാണ് ചിത്രരചനയ്ക്ക് നേതൃത്വം നല്‍കുന്നത്. സഹപാഠികളായ അതുല്‍, വിനു, നിതിന്‍ കൃഷ്ണ, തമിഴരസന്‍, ഡാനിയേല്‍ എന്നിവരാണ് സഹായികള്‍. 

അവധി ദിവസം കണ്ടെത്തിയാണ് ചിത്രരചന. മൂന്നാറിലെ പ്രകൃതി സൗന്ദര്യത്തിനൊപ്പം കാട്ടിന്‍റെ തലയെടുപ്പുള്ള കാട്ടാനയും കാട്ടുപോത്തും, പച്ച പുതച്ച തേയിലത്തോട്ടങ്ങളുമെല്ലാം വരും നാളുകളില്‍ ചുമരുകളില്‍ വര്‍ണങ്ങളായി തെളിയും. മൂന്നാര്‍ മറയൂര്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിവൈഎസ്പി ഓഫീസ് കെട്ടിടം ദേവികുളം റോഡിലെ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലേയ്ക്കാണ് മാറ്റുന്നത്. മുഖം മിനുക്കല്‍ ജോലികളെല്ലാം പൂര്‍ത്തിയാക്കി അടുത്ത മാസം കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
 

Follow Us:
Download App:
  • android
  • ios