പഞ്ചായത്തിലാകെ 15 സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിൽ പട്ടണത്തിലെ ആദ്യ ഘട്ടമായ അഞ്ച് ക്യാമറകൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

തിരുവനന്തപുരം: കാട്ടാക്കടയും പരിസരങ്ങളും 24 മണിക്കൂറും നിരീക്ഷണത്തിന് ഈഗിൾ ഐ' എന്ന പേരിൽ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. ഗതാഗത-ക്രമസമാധാന പാലനത്തിന് പൊലീസിനെ സഹായിക്കാനും മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനുമടക്കം നിരീക്ഷണ ക്യാമറകൾ ഉപയോഗിക്കാം. പഞ്ചായത്തിലാകെ 15 സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിൽ പട്ടണത്തിലെ ആദ്യ ഘട്ടമായ അഞ്ച് ക്യാമറകൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

'ഈഗിൾ ഐ' എന്നപേരിൽ 'കോഫ്ബ നെറ്റ‌്വർക്സ്' ആണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷൻ, പഞ്ചായത്തോഫീസ് എന്നിവിടങ്ങളിൽ കാണാനാകും. ഓണത്തിരക്കിനിടെ പട്ടണത്തിൽ ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങിയത് പൊലീസിനും സഹായമായിട്ടുണ്ട്. ഐ.ബി.സതീഷ് എംഎൽഎ പ്രവർത്തനം ഉദ്ഘാടനം ചെയ്‌തു. വീടുകൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ നെറ്റ‌്വർക്കിൽ പങ്കാളികളാകാവുന്ന തരത്തിലാണ് പദ്ധതി.