കോഴിക്കോട് ബേപ്പൂർ ഹാർബറിൽ അനധികൃത ബോട്ടുകളിൽ നിന്ന് ദുഷിച്ച മത്സ്യം മാറ്റുന്നതിനിടെ വിഷവാതകം ശ്വസിച്ച് അതിഥി തൊഴിലാളികൾ മരിക്കുന്നത് പതിവാകുന്നു. സുരക്ഷാ സംവിധാനങ്ങളില്ലാതെ, അധിക കൂലി മോഹിച്ചാണ് ഇവർ അമോണിയ നിറഞ്ഞ അറകളിലേക്ക് ഇറങ്ങുന്നത്. അധികൃതരുടെ പരിശോധനയില്ലാത്തത് ഇത്തരം അപകടങ്ങൾ വർദ്ധിപ്പിക്കുന്നു.
കോഴിക്കോട്: അനധികൃത മത്സ്യബന്ധനം നടത്തിയെത്തുന്ന ബോട്ടുകളില്‍ നിന്ന് ദുഷിച്ചുനാറിയ വളമത്സ്യം കോരിയെടുക്കാന്‍ ഇറങ്ങുന്നവര്‍ വിഷവാതകം ശ്വസിച്ച് മരിച്ചുവീഴുന്ന വാര്‍ത്ത പതിവാകുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടിലെ അറയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെ അതിഥി തൊഴിലാളിയും മരിച്ചിരുന്നു. ബംഗാള്‍ സ്വദേശിയായ സച്ചിന്‍ ദാസ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
ഈ ദാരുണ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും സമാന രീതിയില്‍ ടണ്‍ കണക്കിന് ചെറുമത്സ്യങ്ങളുടെ ശേഖരമാണ് വിവിധയിടങ്ങളിലേക്ക് കയറ്റിയയച്ചത്. അധികൃതര്‍ കൃത്യമായ പരിശോധന നടത്താത്തതാണ് ഇത്തരക്കാര്‍ക്ക് തുണയാകുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഭക്ഷ്യാവശ്യത്തിനുള്ള മത്സ്യങ്ങളുമായെത്തുന്ന ബോട്ടുകളിലെ അറയിലിറങ്ങുന്ന സാധാരണ ജീവനക്കാര്‍ എന്നാല്‍ വന്‍ ദുര്‍ഗന്ധം വമിക്കുന്ന ഇത്തരത്തിലുള്ള ബോട്ടുകളില്‍ ജോലിക്ക് കയറാറില്ല.
5000 രൂപ മുതല്‍ 10000 രൂപ വരെ അധികം ലഭിക്കുമെന്നതിനാല്‍ അതിഥി തൊഴിലാളികള്‍ ഈ ജോലിക്ക് സന്നദ്ധരായി മുന്നോട്ടുവരികയാണ്. ഇത്തരത്തിലുള്ള ബോട്ടുകളിലെ അറകളില്‍ അമോണിയയുടെയും മറ്റ് രാസലായനികളുടെയും സാനിധ്യം ഏറുന്നതാണ് തൊഴിലാളികള്‍ക്ക് മരണക്കെണിയാകുന്നത്. അധിക കൂലി മാത്രം മോഹിച്ച് യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ ബോട്ടില്‍ ഇറങ്ങുന്ന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്.


