Asianet News MalayalamAsianet News Malayalam

ഇടമലക്കുടിയുടെ യാത്രാ ദുരിതത്തിന് അറുതി; 14 കിമി കോണ്‍ക്രീറ്റ് റോഡ് ഉടന്‍, 13.70 കോടി അനുവദിച്ച് സര്‍ക്കാര്‍

ഇടമലക്കുടിയിലെ മുഴുവനാളുകളുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് സഞ്ചരിക്കാൻ റോഡ്. പലതവണ പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും വനംവകുപ്പായിരുന്നു തടസം.

Edamalakkudy road construction will start soon govt pass fund
Author
First Published Oct 1, 2022, 12:58 PM IST

ഇടമലക്കുടി (ഇടുക്കി) : സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗപഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതത്തിനും അറുതിയാകുന്നു. ഇടമലക്കുടിയിലേയ്ക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരമാവുമായി സർക്കാർ. റോഡ് നിർമ്മാണത്തിന് 13 കോടി 70 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. പട്ടിക വർഗ്ഗ വികസന ഡയറക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും റോഡ് നിർമ്മാണം നടക്കുക.

ഇടമലക്കുടിയിലെ മുഴുവനാളുകളുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് സഞ്ചരിക്കാൻ റോഡ്. പലതവണ പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും വനംവകുപ്പായിരുന്നു തടസം. എന്നാൽ ഇടമലക്കുടിയുടെ സാഹചര്യം പരിഗണിച്ച് കോൺക്രീറ്റ് റോ‍ഡ് നിർമ്മാണത്തിന് തടസം നിൽക്കില്ലെന്ന് ഇത്തവണ വനംവകുപ്പുദ്യോഗസ്ഥർ ഉറപ്പ് കൊടുത്തു. ഇതോടെയാണ് 13 കോടി 70 ലക്ഷം രൂപ ഫണ്ടനുവദിച്ച്സർക്കാർ ഉത്തരവിറക്കിയത്. 

പെട്ടിമുടി മുതൽ ഇടലിപാറകുടി വരെയുള്ള14 കിലോമീറ്റർ ദുർഘട പാതയാണ് ഈ പണം ഉപയോഗിച്ച് കോണ‍്ക്രീറ്റ് ചെയ്യുക. അപ്രോച്ച് റോ‍ഡില്ലാത്തിനാൽ ഉയോഗിക്കാനാവാതെ കിടക്കുന്ന പാലവും ഗതാഗതയോഗ്യമാക്കാനാണ് തീരുമാനം. ഇതോടെ മഴക്കാലത്ത് ഇടമലക്കുടി ഒറ്റപെടുന്ന പതിവ് രീതി ഇല്ലാതാകും. റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർ ഉൾപ്പെട്ട മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. പട്ടിക വർഗ്ഗ വികസന ഡയറക്ടർക്കായിരിക്കും ഇതിൻറെയെല്ലാം മേൽനോട്ടം.

ആശുപത്രി യാത്രയിലും ദുരിതം

കഴിഞ്ഞ മാസമാണ് ഇടമലക്കുടിയിൽ പനി ബാധിച്ച് അവശതയായ ആദിവാസി യുവതിയെ മരക്കൊമ്പിൽ തുണികെട്ടി പത്തുകിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ബന്ധുക്കളും പഞ്ചായത്ത് വൈസ് പ്രസിഡന്റും ചേർന്നാണ് 10 കിലോമീറ്ററോളം മരക്കൊമ്പ് കൊണ്ട് മഞ്ചലുണ്ടാക്കി യുവതിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. 

ഇടമലക്കുടി പഞ്ചായത്തിലെ മീൻ കൊത്തി സ്വദേശി പാശി മുത്തുവിന്റെ ഭാര്യ വള്ളി (38)യെയാണ് മാങ്കുളം ആനക്കുളത്തേക്ക് ചുമന്ന് എത്തിച്ച ശേഷം വാഹനത്തിൽ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചയായി പനിപിടിച്ച് വീട്ടിൽ കിടപ്പിലായിരുന്നു വള്ളി. ഇടമലക്കുടിയിൽ കനത്ത മഴയായതിനാൽ നടന്ന് സൊസൈറ്റി കുടിയിലെ  ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ല. 

വള്ളിയെ കമ്പിളി കൊണ്ടുണ്ടാക്കിയ മഞ്ചലിൽ ചുമന്ന് കാട്ടിലൂടെ നടന്ന് ആനക്കുളത്ത് എത്തിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ രാജമല പുല്ലുമേട് മുതൽ സൊസൈറ്റി കുടി വരെ മാത്രമാണ് റോഡ് ഉള്ളത്. ഇവിടെ നിന്നും പത്തു കിലോമീറ്റർ അകലെയാണ് മീൻ കൊത്തി കുടി.

അടുത്തിടെ പറമ്പിക്കുളം ഓവൻപാടി കോളനിയിൽ പാലമില്ലാത്തതിനാൽ  രോ​ഗിയായ സ്ത്രീയെ മുളയിൽ കെട്ടിവെച്ച് ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നിരുന്നു. രോഗിയെ ചുമന്ന് ഏഴ് കിലോമീറ്റർ നടന്നാണ് ആശുപത്രിയിലെത്തിച്ചത്. 2019ലെ പ്രളയത്തിൽ കോളനിയുമായി ബന്ധിപ്പിച്ചിരുന്ന പാലം തകർന്നു പോയിരുന്നു. പിന്നീട് പാലം നിർമിക്കാൻ നിരവധി തവണ അപേക്ഷ നൽകിയെങ്കിലും പുതിയ പാലം വന്നിട്ടില്ല. 

Read More : ഇടമലക്കുടിയിലെ ആദിവാസി ​ഗോത്രവിഭാ​ഗ കുട്ടികൾ ഇനി തെളിമയോടെ മലയാളം എഴുതും, സംസാരിക്കും

Follow Us:
Download App:
  • android
  • ios