Asianet News MalayalamAsianet News Malayalam

എടപ്പാള്‍ മേല്‍പ്പാലം നവംബര്‍ 26ന് നാടിന് സമര്‍പ്പിക്കും

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലാണ് മേല്‍പ്പാലം. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ എടപ്പാള്‍ മേല്‍പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാല്‍ ഇഴഞ്ഞുനീങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചു.
 

Edapal overbridge will open on November 26
Author
Edapal, First Published Nov 11, 2021, 8:23 PM IST

മലപ്പുറം: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എടപ്പാള്‍ മേല്‍പ്പാല (Edapal Overbridge) നിര്‍മാണം പൂര്‍ത്തിയായി. മേല്‍പ്പാലം നവംബര്‍ 26ന് നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്(P A Muhammad Riyas) ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലാണ് മേല്‍പ്പാലം. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ എടപ്പാള്‍ മേല്‍പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാല്‍ ഇഴഞ്ഞുനീങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചു.

കൈവരികളുടെ നിര്‍മ്മാണം, പെയിന്റിംഗ്, ലൈറ്റുകള്‍, മറ്റ് ഇലക്ട്രിക്ക് ജോലികള്‍ എന്നിവ പൂര്‍ത്തീകരിച്ചു. പാലത്തിനോടു ചേര്‍ന്നുള്ള ജംഗ്ഷന്റെ  സൗന്ദര്യവത്കരണവും ഗതാഗതത്തിന് തടസ്സമായ കെട്ടിടങ്ങളുടെ മുന്‍വശം പൊളിച്ചുനീക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായി. കനത്ത മഴ കാരണം പാലത്തിന്റെ ടാറിംഗ് പ്രവൃത്തി നടത്താന്‍ സാധിച്ചിരുന്നില്ല. ടാറിംഗ് പ്രവൃത്തി ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച് നവംമ്പര്‍ 26 ന് ഉദ്ഘാടനം ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചത്. 

മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കാത്തിരിപ്പിനും കുരുക്കിനും പരിഹാരം,
എടപ്പാള്‍ മേല്‍പാലം നവംമ്പര്‍ 26 ന് നാടിന് സമര്‍പ്പിക്കും. എടപ്പാള്‍ നഗരത്തിന് കുറുകെ ഒരു പാലം എന്നത് ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു. ജനങ്ങളുടെ കാത്തിരിപ്പിനും കുരുക്കിനും പരിഹാരമായി വിഭാവന ചെയ്ത തൃശ്ശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പെ തന്നെ എടപ്പാള്‍ മേല്‍പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റ ശേഷം മെയ് മാസം 30 ന് എടപ്പാള്‍ മേല്‍പാലം സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി നിര്‍മ്മാണം നടക്കുന്ന പാലത്തിന്റെ പ്രവൃത്തി ഒട്ടും വേഗതയില്ലാതെയാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. അന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോള്‍ 2022 ഏപ്രില്‍ മാസത്തില്‍ മാത്രമേ പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകു എന്നാണ് പറഞ്ഞത്.

തുടര്‍ന്ന് പാലം നിര്‍മ്മാണം സംബന്ധിച്ച സമഗ്രമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തി ഇനിയും അതുപോലെ തുടര്‍ന്നുപോകാനാകില്ലെന്ന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബാക്കിയുള്ള ഓരോ പ്രവൃത്തിയും ലിസ്റ്റ് ചെയ്ത ശേഷം ആ പ്രവൃത്തികള്‍ക്കെല്ലാം കൃത്യമായ സമയക്രമം നിശ്ചയിച്ചിരുന്നു. 2021 ഒക്ടോബറില്‍ തന്നെ പാലം പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും   തീരുമാനം കൈക്കൊണ്ടു. 
പാലം പ്രവൃത്തിയുടെ ഓരോ ദിവസത്തെയും പുരോഗതി മന്ത്രി ഓഫീസില്‍ നിന്നും വിലയിരുത്തി. ഓരോ ആഴ്ചയിലും പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് കൃത്യമായി പരിശോധിച്ചു. 75 ദിവസത്തെ നിര്‍മ്മാണ കലണ്ടറാണ് മെയ് 30 ന്റെ സന്ദര്‍ശനശേഷം നിശ്ചയിച്ചത്. 75 ദിവസങ്ങള്‍ പൂര്‍ത്തിയായ ഓഗസ്ത് 15 ന് വീണ്ടും എടപ്പാളിലെത്തി. പാലം പുരോഗതി പരിശോധിച്ചു.

നിശ്ചയിച്ച കലണ്ടര്‍ പ്രകാരം പ്രവൃത്തി മുന്നോട്ടുപോയിട്ടുണ്ടായിരുന്നു. സമയബന്ധിതമായി പ്രവൃത്തി മുന്നോട്ടുകൊണ്ടുപോയ ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിച്ചു. ഒക്ടോബറില്‍ തന്നെ ഉദ്ഘാടനം നടത്താന്‍ സാധിക്കുന്ന വിധത്തില്‍ ഒരു നിര്‍മ്മാണ കലണ്ടറാണ് രണ്ടാംഘട്ടമായി തയ്യാറാക്കിയത്. അതനുസരിച്ച് പ്രവൃത്തികള്‍ വേഗത്തില്‍ നടപ്പിലായിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളോടൊപ്പം എല്ലാ സഹായങ്ങള്‍ക്കും എംഎല്‍എ ഡോ. കെ ടി ജലീലും കൂടെയുണ്ടായിരുന്നു. 

പാലത്തിനിരുവശത്തെയും കൈവരികളുടെ നിര്‍മ്മാണം, പെയിന്റിംഗ്, ലൈറ്റുകള്‍, മറ്റ് ഇലക്ട്രിക്ക് ജോലികള്‍ എന്നിവ പൂര്‍ത്തീകരിച്ചു. പാലത്തിനോടു ചേര്‍ന്നുള്ള ജംഗ്ഷന്റെ  സൗന്ദര്യവല്‍ക്കരണവും ഗതാഗതത്തിന് തടസ്സമായ കെട്ടിടങ്ങളുടെ മുന്‍വശം പൊളിച്ചുനീക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. കനത്ത മഴ കാരണം പാലത്തിന്റെ ടാറിംഗ് പ്രവൃത്തി നടത്താന്‍ സാധിച്ചിരുന്നില്ല. ടാറിംഗ് പ്രവൃത്തി ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച് നവംമ്പര്‍ 26 ന് ഉദ്ഘാടനം ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. നിശ്ചയിച്ച പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നു.
 

Follow Us:
Download App:
  • android
  • ios