ലൈസന്‍സില്ലാതെ മത്സ്യബന്ധനം നടത്തിയ എട്ട് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടികൂടി.

തൃശൂര്‍: ലൈസന്‍സില്ലാതെ മത്സ്യബന്ധനം നടത്തിയ എട്ട് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടികൂടി. 10,000 രൂപ വീതം ഓരോ ബോട്ടുടമകളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. തമിഴ്‌നാട് സ്വദേശികളുടേതാണ് എട്ട് ബോട്ടുകളും. ഫിഷറീസ് അസിസ്റ്റന്‍റ ഡയറക്ടര്‍ പ്രശാന്ത്, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ കാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ കടലില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടതും ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തതും.

ബോട്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി സുഗന്ധകുമാരി ബോട്ടുടമകളെ വിളിച്ചുവരുത്തിയാണ് പിഴ ഈടാക്കിയത്. കടപ്പുറം മുനയ്ക്കകടവ് ഫിഷ്‌ലാന്‍ഡിങ് സെന്‍ററില്‍ നിന്നാണ് ഈ ബോട്ടുകള്‍ മത്സ്യബന്ധനത്തിനായി കടലിലിറങ്ങിയിരുന്നത്. നടപടിക്കുശേഷം എട്ട് ബോട്ടുകളും കേരള തീരം വിട്ട് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.