2019 സെപ്റ്റംബര്‍ 9നാണ് കണ്ണന്‍ ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മൂര്‍ ഡിവിഷനില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മൂന്നാര്‍: മൂന്നാര്‍ (Munnar) ഗുണ്ടുമലയില്‍ (Gundumala) എട്ടു വയസ്സുകാരിയുടെ മരണം കൊലപാതകമാകാമെന്ന് വിലയിരുത്തല്‍. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടത്തിയ ഡമ്മി പരീക്ഷണമാണ് (Dummy experiment) കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തില്‍ വള്ളി ചുറ്റിയതാവാമെന്നുമാണ് പൊലീസിന്റെ നിരീക്ഷണം. ഇതോടെ രണ്ടര വര്‍ഷം മുന്‍പ് 8 വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവില്‍. 

കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തില്‍ വള്ളി ചുറ്റിയതാവാമെന്നും പൊലീസ് പറയുന്നു. 2019 സെപ്റ്റംബര്‍ 9നാണ് കണ്ണന്‍ ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മൂര്‍ ഡിവിഷനില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതോടെയാണ് ദുരൂഹത ഉയര്‍ന്നത്. 

അന്നത്തെ മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ തുമ്പുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ ജി ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന് അന്വേഷണ ചുമതല കൈമാറി. തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് ഡമ്മി പരീക്ഷണം നടത്തി. കുട്ടിയുടെ തൂക്കത്തിനു സമാനമായ ഭാരമുള്ള ഡമ്മിയാണ് ഉപയോഗിച്ചത്. കഴുത്തില്‍ കുരുങ്ങിയിരുന്ന പ്ലാസ്റ്റിക് വള്ളിയുടെ അതേവലുപ്പത്തിലുള്ള വള്ളിയും ഇതിനായി ഉപയോഗിച്ചു. കുട്ടിയുടെ ഭാരം 28 കിലോയായിരുന്നു.

20 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ വള്ളി പൊട്ടിവീണു. കുട്ടി മരിച്ചു കിടന്ന മുറിയുടെ മച്ചില്‍ കയര്‍ കുരുക്കണമെങ്കില്‍ ഏണിയോ കസേരയോ വേണമായിരുന്നു. എന്നാല്‍ മരണ സമയത്ത് മുറിയില്‍ ഇത്തരം സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ രണ്ടു കാരണങ്ങളാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാം എന്ന സംശയമുണര്‍ത്തുന്നത്. 

മോഷണക്കേസിലെ പ്രതിയെ പിടികൂടി ചോദ്യം ചെയ്തതിലൂടെ പുറത്തെത്തിയത് കൊലപാതകം

പാലക്കാട്: രണ്ട് മാസം മുമ്പ് തന്റെ സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് മുഹമ്മദ് ഫിറോസ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ സുഹൃത്ത് ലക്കിടി മംഗലം സ്വദേശി ആഷിഖിന്റെ മൃതദേഹം കണ്ടെത്തി.

പാലപ്പുറത്തെ വിജനമായ പറമ്പിലാണ് ആഷിഖിനെ ഫിറോസ് കുഴിച്ചുമൂടിയിരുന്നത്. ആഷിഖിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഫിറോസ് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 17ന് രാത്രി യാണ് ഫിറോസ് കൃത്യം നടത്തിയത്. ഒറ്റപ്പാലത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കൊലപാതകം നടന്നത്.

മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കത്തി കൊണ്ട് ആക്രമിക്കാൻ ആദ്യം ശ്രമിച്ചത് ആഷിഖ് ആണെന്നും ഇതു ത‌ടയുന്നതിനിടയിലാണ് ആഷിഖിനെ ഫിറോസ് കുത്തിയതെന്നുമാണ് ഇയാളുടെ മൊഴിയിൽ പറയുന്നത്. ആഷിഖിന്റെ കഴുത്തിലാണ് കുത്തേറ്റത്. 

മൃതദേഹം പ്രതി പാലപ്പുറത്തെ വിചനമായ പറമ്പിലെത്തിച്ച് കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്റെ കയ്യിലെ ചരടും മോതിരവും കണ്ട് മരിച്ചത് ആഷിഖ് തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കും. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

2015ൽ നടത്തിയ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂരിലെ മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകൾ കവർന്ന കേസിലെ പ്രതിയാണ് ഫിറോസ്.