തിരുവനന്തപുരം ചെമ്പൂരിൽ സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വഴക്ക് പിടിച്ചുമാറ്റാനെത്തിയ വയോധികനെ മൂന്നംഗ സംഘം അടിച്ചുകൊന്നു. സംഭവത്തിൽ സത്യരാജിന്റെ അനുജന്റെ ഭാര്യാ സഹോദരനായ ജോയിയെ പോലീസ് അറസ്റ്റ് ചെയ്തു.  

തിരുവനന്തപുരം: ചെമ്പൂരിൽ വയോധികനെ അടിച്ചുകൊന്ന കേസില്‍ ഒരാള്‍ അറസ്റ്റിൽ. ചെമ്പൂര് എതിര്‍ക്കര വിളാകത്ത് മിനി ഭവനില്‍ സത്യരാജ് (60)നെ യാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30ന് മൂന്നംഗ സംഘം അടിച്ചുകൊന്നത്. സംഭവത്തിൽ‌ ഒന്നാം പ്രതിയായ ജോയി(32)നെ ആര്യങ്കോട് പൊലീസ് പിടികൂടി. സത്യരാജിന്‍റെ അനുജന്‍റെ ഭാര്യാ സഹോദരന്മാരും അച്ഛനുമാണ് ആക്രമണം നടത്തിയത്.

സാമ്പത്തിക തര്‍ക്കമാണ് ആക്രമണ കാരണമെന്ന് പൊലീസ് പറയുന്നു. ജോഷിയും, പിതാവ് ജോസ് എന്ന ആല്‍ബിനുമാണ് ഇനി പിടികൂടാനുള്ളത്. സംഭവം നടന്ന ആറ് ദിവസം കഴിഞ്ഞിട്ടും ആര്യങ്കോട് പൊലീസ് അക്രമികളെ പിടികൂടാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സത്യരാജ് ക്രൂര മര്‍ദ്ദനമേറ്റ് മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട ശേഷമാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ശേഷിക്കുന്നവരെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട സത്യരാജിന്‍റെ ബന്ധുമിത്രാദികള്‍ ആര്യങ്കോട് സ്‌റ്റേഷനിലെത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായി സംസാരിച്ചു. ശേഷിക്കുന്നവരെ എത്രയും വേഗം പിടികൂടി നിയമനടപടികള്‍ സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയ ശേഷമാണ് ഇവർ മടങ്ങിയത്. ശനിയാഴ്ച രാത്രി സത്യരാജിന്‍റെ സഹോദരൻ മനോഹരനെ അദ്ദേഹത്തിന്‍റെ ഭാര്യ ഷൈനിയുടെ പിതാവും ഷൈനിയുടെ സഹോദരന്മാരും ചേർന്ന് മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് സത്യരാജിനു നേരെ ആക്രമണമുണ്ടായത്.

സമീപത്തു താമസിക്കുന്ന സത്യരാജ് നിലവിളി കേട്ടാണ് എത്തിയത്. ഇതോടെ സംഘം സത്യരാജിന് നേരെ തിരിയുകയായിരുന്നു. ആക്രമണത്തിനു ശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. സത്യരാജിനെ തിരുവനന്തപുരം മെഡിക്കൽകോളെജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും മരിച്ചു. ജോയിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.