അങ്കമാലി കറുകുറ്റിയിൽ വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ വീണ് 80 വയസ്സുകാരൻ മരിച്ചു. മോട്ടോറിൽ പടർന്നിരുന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി കുളത്തിലേക്ക് വീണാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
അങ്കമാലി: വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികൻ മരിച്ചു. കറുകുറ്റി പഞ്ചായത്ത് 19-ാം വാർഡിൽ പീച്ചാനിക്കാട് കൂരൻ താഴത്തുപറമ്പിൽ കെ വി വർഗീസ് (80) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. മോട്ടോറിന്റെ തകരാർ പരിഹരിക്കുന്നതിനായി ഇലക്ട്രീഷ്യനെ വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായി മോട്ടോറിൽ പടർന്നിരുന്ന പുൽപ്പടർപ്പ് വർഗീസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കാൽവഴുതി കുളത്തിൽ വീണത്.
ഭാര്യ: ആഴകം പുളിയൻ കുടുംബാംഗം ഏല്യാമ്മ. മക്കൾ: സിന്ധു, സന്തോഷ് വർഗീസ് (യുഎസ്എ), സോണി (യു കെ), മരുമക്കൾ: രശ്മി കാസർകോട് (യുഎസ്എ), ബിനു (യുകെ), പരേതനായ വർഗീസ്.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് കിഴക്കെ പുത്തൻപള്ളി സെമിത്തേരിയിൽ.
