കൊണ്ടോട്ടി മൊറയൂര്‍ വാലഞ്ചേരിയില്‍ കാണാതായ വയോധികയെ വീട്ടുപറമ്പിലെ ഉപയോഗിക്കാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന നബീസയാണ് മരിച്ചത്. അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
മലപ്പുറം: കൊണ്ടോട്ടി മൊറയൂര്‍ വാലഞ്ചേരിയില്‍ കാണാതായ വയോധികയെ വീട്ടുപറമ്പിലെ ഉപയോഗിക്കാതെ കിടന്നിരുന്ന കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാലഞ്ചേരി സ്വദേശി വി ടി നബീസയെ ആണ് വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നബീസ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം മുതല്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ നടത്തി.
ഇന്നലെ രാത്രിയോടെയാണ് വീട്ടുപറമ്പില്‍ ആള്‍മറയില്ലാതെ മൂടാതെ കിടന്നിരുന്ന കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മലപ്പുറത്തു നിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തു. കൊണ്ടോട്ടി പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മക്കള്‍ - സറീന, ലൈല.
