ഉദരസംബന്ധമായ അസുഖം മൂലം ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വയോധിക.

തൃശൂര്‍: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നതിനായി 79 വയസായ വയോധിക കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. ''എന്റെ ആറര പവന്‍ സ്വര്‍ണമാല പണയം വെച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കുള്ള പണം നല്‍കിയിട്ടാണ് ഈ ബാങ്കില്‍ വന്നിരിക്കുന്നത്'-', നിക്ഷപതുക തിരികെ ലഭിക്കുവാനായി കരുവന്നൂര്‍ ബാങ്കിനുള്ളില്‍ കുത്തിയിരിപ്പ് നടത്തിയ മലപ്പുറം സ്വദേശി കണ്ണന്തറ വീട്ടില്‍ ആനിയമ്മ (79) യുടെ വാക്കുകളാണിത്. ഉദരസംബന്ധമായ അസുഖം മൂലം ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 

ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ആയപ്പോള്‍ ചികിത്സാ ചെലവിനുള്ള പണം അടക്കുവാന്‍ കഴിയാതെ വന്നു. ഈ സമയം തന്റെ ആറര പവന്റെ മാല പണയം വച്ച് ആ തുക ആശുപത്രിയില്‍ അടച്ച ശേഷമാണ് ഡിസ്ചാര്‍ജ് ആയത്.പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയിലും എം.ഇ.എസ്. മെഡിക്കല്‍ കോളജിലുമായിരുന്നു ചികിത്സ. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി ആനിയമ്മയുടെ ഭര്‍ത്താവ് റോബിന്‍ ഹൃദ്രോഗം മൂലം 20 വര്‍ഷം മുമ്പ് മരിച്ചു. സുജ, സുശ എന്നീ രണ്ടുപെണ്‍മക്കളാണ് ആനിയമ്മക്കുള്ളത്. 

സ്വന്തമായി തയ്യല്‍പണി ചെയ്തു സമ്പാദിച്ച തുകയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. 13,65,250 രൂപയാണ് നിക്ഷേപതുകയായി ബാങ്കില്‍നിന്നും തിരികെ ലഭിക്കാനുള്ളത്. ഇന്നലെ രാവിലെ പത്തരയോടെ ബാങ്കിലെത്തിയെങ്കിലും രണ്ടുലക്ഷം രൂപ നല്‍കാമെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചത്. എന്നാല്‍ ആശുപത്രിയില്‍ പണമടക്കാനായി പണയം വച്ച തന്റെ മാല തിരികെ ലഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപയെങ്കിലും വേണമെന്നും ആ തുക ലഭിക്കാതെ ബാങ്കില്‍ നിന്നും തിരികെ പോകില്ലെന്നും ആനിയമ്മ പറഞ്ഞു. ബാങ്കിലെ ഓഫീസ് സമയം കഴിഞ്ഞപ്പോള്‍ വൃദ്ധയായ ആനിയമ്മയെ തനിച്ചാക്കി ജീവനക്കാര്‍ ഓഫീസ് വിടുകയായിരുന്നു. 

ഏറെ നേരം കഴിഞ്ഞപ്പോള്‍ മരുമകന്‍ ജോഷി ബാങ്കിലെത്തി. എന്നാല്‍ ഏഴരയോടെ മരുമകനായ ജോഷി അമ്മക്ക് ചായ വാങ്ങാനായി പുറത്തേക്ക് പോയ സമയം പൊലീസ് സ്ഥലത്തെത്തി അമ്മയെ ബാങ്കില്‍ നിന്നും പുറത്തിറക്കി ഷട്ടര്‍ ഇടുകയായിരുന്നു. നിക്ഷേപപണം തിരികെ ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നു ആനിയമ്മയും മരുമകന്‍ ജോഷിയും അറിയിച്ചു. ബാങ്കില്‍ നിന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും ഇപ്പോള്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്നും ബാക്കി തുക ഒന്നിടവിട്ട മാസങ്ങളില്‍ ഗഡുക്കളായി ആനിയമ്മയടെ ബാങ്ക് അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.