Asianet News MalayalamAsianet News Malayalam

വയോധികയെ പൊളിഞ്ഞ് വീഴാറായ കെട്ടിടത്തില്‍ ഉപേക്ഷിച്ച് ബന്ധുക്കൾ മുങ്ങി; തുണയായി ജനമൈത്രി പൊലീസ്

തന്‍റെ 15 ലക്ഷത്തിന്‍റെ സ്വത്തുകൾ ഭർത്താവിൻറെ അനിയൻറെ ഭാര്യ പറഞ്ഞിട്ട് വിൽക്കുകയും പണം അവർക്ക് നൽകുകയും ചെയ്തിരുന്നതായി മാണിക്യം പൊലീസിനോട് പറഞ്ഞു.

elderly women abandoned by relatives in vadakara
Author
Kozhikode, First Published Jun 14, 2021, 5:01 PM IST

കോഴിക്കോട്: ഏത് സമയവും ഇടിഞ്ഞ് നിലംപൊത്താറായ കെട്ടിടത്തിൽ എൺപത്തിനാലുകാരിയായ വയോധികയെ  രാത്രിയിൽ ഉപേക്ഷിച്ച് ബന്ധുക്കൾ കടന്നു കളഞ്ഞു. വടകര ഏറാമല ആദിയൂർ ലക്ഷം വീട് കോളനിയിൽ ഇന്നലെ രാത്രിയാണ് സംഭവം.
പുതിയാപ്പ പാറയുള്ളപറമ്പത്ത് പരേതനായ ചന്ദ്രന്‍റെ ഭാര്യ മാണിക്യത്തെ (84) യെയാണ് ഭർത്തൃ സഹോദരന്‍റെ ബന്ധുക്കൾ ആരും കാണാതെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.

സമീപവാസികൾ കണ്ട് പൊലീസില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എടച്ചേരി സി.ഐ വിനോദ് വലിയാട്ടൂരിന്‍റെ നിർദേശപ്രകാരം ജനമൈത്രി പൊലീസ് അംഗങ്ങളായ ഹേമന്ദ്, ഷിജു എന്നിവർ സ്ഥലത്തെത്തിയപ്പോൾ അവശയായ മാണിക്യത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. സ്വന്തമായി നടക്കാനോ ബാത്ത്റൂമിൽ പോകാനോ കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. മഴയിൽ ചോർന്നൊലിക്കുന്ന ഏത് സമയവും വീഴാവുന്ന കെട്ടിടത്തിലാക്കിയാണ് വയോധികയോട് ബന്ധുക്കൾ  ക്രൂരത കാണിച്ചത്.

15 വർഷം മുൻപാണ് മാണിക്യത്തിന്‍റെ  ഭർത്താവ് ചന്ദ്രൻ മരിക്കുന്നത്. തുടർന്ന് തനിച്ചായ മാണിക്യം ഭർത്തൃ സഹോദരന്‍റെ  വീട്ടിലായിരുന്നു താമസം. തന്‍റെ 15 ലക്ഷത്തിന്‍റെ സ്വത്തുകൾ ഭർത്താവിൻറെ അനിയൻറെ ഭാര്യ പറഞ്ഞിട്ട് വിൽക്കുകയും പണം അവർക്ക് നൽകുകയും ചെയ്തിരുന്നതായി മാണിക്യം പൊലീസിനോട് പറഞ്ഞു. ഇവരുടെ പണം തിരികെ നൽകാനോ സംരക്ഷിക്കാനോ നിൽക്കാതെ രണ്ട് മാസം മുൻപ് മാണിക്യത്തെ ആദിയൂരിലെ ലക്ഷം വീട് കോളനിയിലെ ഒരു തകർന്ന് വീഴാറായ വീട് വാടകയ്ക്കെടുത്ത്  അവിടെയാക്കിയിരുന്നു. അന്ന് നാട്ടുകാരും പൊലീസും ഇടപെട്ടാണാണ് ഇവർക്ക് രണ്ട് മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങി എത്തിച്ച് നൽകിയത്. 

elderly women abandoned by relatives in vadakara

ഭർത്തൃ സഹോദരന്‍റെ ആളുകൾ അന്ന് പണം നൽകാനോ തിരിഞ്ഞു നോക്കാനോ തയ്യാറയില്ല.  കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് മാണിക്യത്തെ പുതിയാപ്പയിലെ വീട്ടിൽ പിന്നീട് തിരിച്ചെത്തിച്ചിരുന്നു. അങ്ങനെ ഭർത്തൃ സഹോദരന്‍റെറെ വീട്ടിലെത്തിയ മാണിക്യത്തെയാണ് ഇന്നലെ വീണ്ടും അവർ മുൻപ് താമസിച്ച പൊളിഞ്ഞ് വീഴാറായ വീട്ടിലെത്തിച്ച് ബന്ധുക്കൾ കടന്ന് കളഞ്ഞത്. ഇതോടെ അയൽവാസികൾ അറിയിച്ചതിനെ  തുടർന്ന് പൊലീസിലെത്തി വയോധികയെ സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. 

സി.ഐ വിനോദ് വലിയാട്ടൂർ അറിയിച്ചതിനെ തുടർന്ന്  എടച്ചേരി തണൽ അഗതി മന്ദിരം അധികൃതർ  മാണിക്യത്തെ ഏറ്റെടുത്തു. ജനമൈത്രി അംഗങ്ങളായ ഹേമന്ദ് കുമാർ, രമേശൻ, സിജു, നാലാം വാർഡ് മെംബർ സീമ, അയൽവാസി നരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് മാണിക്യത്തെ തണലിലെത്തിച്ചത്. ആരോഗ്യ വീണ്ടെടുത്ത ശേഷം മൊഴിയെടുത്ത് മാണിക്യത്തെ ഉപേക്ഷിച്ചവർക്കെതിരെ നിയമനടപടിയെടുക്കുമെന്ന് സി.ഐ. വിനോദ് വലിയാട്ടൂർ അറിയിച്ചു.

elderly women abandoned by relatives in vadakara

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios