മൂവാറ്റുപുഴ: വിവാഹ ക്ഷണം വ്യത്യസ്തമാക്കി എൽദോ എബ്രഹാം എംഎൽഎ. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവർക്കെല്ലാം ക്ഷണക്കത്ത് തപാലിൽ അയക്കുകയാണ് എൽദോ. ജനുവരി 12നാണ് എൽദോയുടെ വിവാഹം.
ബാച്ചിലർ ലൈഫിനോട് വിടപറയാനൊരുങ്ങുകയാണ് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം. 

എറണാകുളം കല്ലൂർക്കാട് സ്വദേശി ഡോക്ടർ ആഗി മേരി അഗസ്റ്റിനാണ് വധു. തങ്ങളുടെ കല്യാണത്തിന് ക്ഷണക്കത്ത് നൽകി എൽദോയെ വിളിച്ച 4,800 പേർക്ക് തപാലിലൂടെ ക്ഷണമെത്തും. സൂക്ഷിച്ച് വച്ച പഴയ കല്യാണകുറികളിൽ നിന്ന് വിലാസം കണ്ടെത്തിയാണ് ക്ഷണക്കത്ത് അയക്കുന്നത്. മൂത്ത സഹോദരിയുടെ വിവാഹത്തിന് കുറി അടിക്കാനുള്ള പണം കയ്യിലില്ലാതിരുന്നതിനെ തുടര്‍ന്ന് സ്വന്തം തയ്യാറാക്കിയ കുറി ഉപയോഗിച്ചാണ് വിവാഹം ക്ഷണിച്ചത്. അന്ന് മുതല്‍ കിട്ടുന്ന കല്യാണക്കുറികള്‍ എല്ലാം എല്‍ദോ സൂക്ഷിച്ച് വക്കാന്‍ തുടങ്ങിയത്.

ക്ഷണക്കത്ത് നൽകാത്തന്നവരെയും കല്യാണത്തിന് വിളിക്കുന്നുണ്ട്. മുമ്പ് പഞ്ചായത്ത് അംഗമായിരുന്ന രണ്ട് വാർഡുകളിലെ എല്ലാ വീട്ടിലും നേരിട്ട് പോയി വിളിച്ചു. ജനുവരി 12ന് എറണാകുളം കുന്നുകുരുടി സെന്‍റ് ജോര്‍ജ് പള്ളിയിലാണ് വിവാഹം. തുടർന്ന് വൈകീട്ട് മൂന്ന് മുതൽ മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനത്ത് വിരുന്ന് സൽക്കാരം. 

"

കമ്മ്യൂണിസ്റ്റുകാരനായതിൽ എല്ലാം ലളിതമെന്ന് എൽദോ. സൽക്കാരത്തിന് വിഭവങ്ങൾ ദോശയും ചമ്മന്തിയും ചായയും. മന്ത്രിമാരടക്കമുള്ളവർ വിവാഹത്തിനെത്തും. മണ്ഡലത്തിലുടനീളം ക്ഷണിച്ചിട്ടുള്ളതിനാൽ 20,000 പേരെങ്കിലും വിവാഹത്തിന് എത്തുമെന്നാണ് എൽദോയുടെ കണക്കുകൂട്ടൽ.