പുനലൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം പൊടി പൊടിയ്ക്കേണ്ട സമയത്ത് സ്ഥാനാര്‍ത്ഥിക്ക് കൊവിഡ് വന്നാലെന്തുചെയ്യും? ഏറെ കഷ്ടപ്പെട്ടാണ് സീറ്റ് കിട്ടിയത്. സീറ്റ് കിട്ടിയതിന് പിന്നാലെയാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇതോടെ നാട്ടുകാര്‍ക്കിടയില്‍ ഓടിനടന്ന് പ്രചാരണം നടത്തേണ്ട സമയത്ത് വീടിന്‍റെ മട്ടുപ്പാവിലിരുന്ന് വോട്ടു ചോദിക്കേണ്ട സ്ഥിതിയിലാണ് ഈ സ്ഥാനാര്‍ത്ഥി.

പുനലൂര്‍ നഗരസഭയുടെ നേതാജി വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി നെല്‍സണ്‍ സെബാസ്റ്റ്യനാണ് വീടിന്‍റെ മുകളില്‍ ഇരുന്ന് വോട്ടര്‍മാരോട് പ്രചാരണം നടത്തുന്നത്. കാണുന്നവര്‍ക്ക് ചെറിയൊരു തമാശയായൊക്കെ തോന്നിയേക്കാം എന്നാല്‍ കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പില്‍ ഒരുപക്ഷേ സംസ്ഥാനമുടനീളം ഒട്ടേറെ സ്ഥാനാര്‍ഥികള്‍ക്ക് ഇക്കുറി നെല്‍സന്‍റേതിനു സമാനമായ അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നേക്കാമെന്നാണ് നിരീക്ഷണം.