ഫുട്‌ബോള്‍ കളി പ്രേമികൂടിയായ കൊച്ചുമോന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഫുട്‌ബോള്‍ ടീം ഇറ്റലി ആയതിനാല്‍ സുഹൃത്തുകളുടെ ഇടയില്‍ പ്രചരിച്ചതാണ് ഇറ്റലി എന്ന വിളിപ്പേര്. എന്നാല്‍ ഇപ്പോള്‍ കൊച്ചുമോന്‍ എന്ന പേര് തന്നെ മറന്ന അവസ്ഥയിലാണ് നാട്ടുകാരും വീട്ടുകാരും.
മാന്നാര്‍: ' ഇറ്റലി ' എന്ന പേരില്‍ അറിയപ്പെടുന്ന കൊച്ചുമോന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം അല്പമൊന്ന് വിശ്രമിച്ചത് കഴിഞ്ഞ ആഴ്ചകളിലാണ്. രണ്ട് മാസമായി തിരക്കോട് തിരക്കായിരുന്ന ഇറ്റലിയെ തേടി വീണ്ടും മുന്നണികള്‍ സമീപിച്ച് തുടങ്ങി. ഇപ്പോള്‍ സമീപിക്കുന്നത് ഇലക്ഷന്‍ റിസള്‍ട്ട് വന്ന ശേഷമുള്ള പാരഡി ഗാനങ്ങള്‍ തയ്യാറാക്കാനും അനൗണ്‍സ്‌മെന്‍റ് റെക്കാര്‍ഡ് ചെയ്യാനും വേണ്ടിയാണ്.
ഫുട്‌ബോള്‍ കളി പ്രേമികൂടിയായ കൊച്ചുമോന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഫുട്‌ബോള്‍ ടീം ഇറ്റലി ആയതിനാല്‍ സുഹൃത്തുകളുടെ ഇടയില്‍ പ്രചരിച്ചതാണ് ഇറ്റലി എന്ന വിളിപ്പേര്. എന്നാല്‍ ഇപ്പോള്‍ കൊച്ചുമോന്‍ എന്ന പേര് തന്നെ മറന്ന അവസ്ഥയിലാണ് നാട്ടുകാരും വീട്ടുകാരും.
തെരെഞ്ഞെടുപ്പ് കാലത്ത് ഈ യുവകാലാകാരന്‍റെ ശബ്ദത്തിനും ഭാവനയ്ക്കും വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ക്യൂവിലായാരുന്നു. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും മറ്റ് സ്ഥാനാര്‍ത്ഥികളും തെരെഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാന ആയുധമായ അനൗണ്‍സ്‌മെന്‍റിനും പാരടി ഗാനങ്ങള്‍ക്ക് വേണ്ടിയും ആശ്രയിക്കുന്നത് ഈ ഗാംഭീര ശബ്ദത്തിന്‍റെ ഉടമയായ ഈ കലാകാരനെയായിരുന്നു.
പരുമല കൊച്ചുപറമ്പില്‍ കൊച്ചുമോന്‍(35)വളരെ ചെറുപ്പത്തിലെ അനൗണ്‍സ്‌മെന്‍റുകള്‍ ആരംഭിച്ചിരുന്നു. പ്രാദേശികമായി നടക്കുന്ന ചെറിയ പരിപാടികള്‍ക്ക് വാഹനത്തില്‍ അനൗണ്‍സ് ചെയ്തുകൊണ്ടാണ് തുടക്കം. കഴിഞ്ഞതിന്‍റെ മുമ്പ് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഇലക്ഷന്‍ പ്രചാരണ രംഗത്തേക്ക് കടന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പായപ്പോഴേക്കും പ്രൊഫഷണലായി. നിരവധി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അനൗണ്‍സ് ചെയ്യുന്നതിനൊപ്പം പാരഡി ഗാനങ്ങള്‍ എഴുതി പാടി കൊണ്ട് ആ രംഗത്തേക്കും കടന്ന് വന്നു.
ഇത്തവണ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പിന്‍റെ പ്രഖ്യാപനത്തില്‍ തന്നെ മുന്നണികള്‍ ഇറ്റലിയെ തേടി വന്നുകൊണ്ടിരുന്നു. എല്ലാവരും ലൈവ് അനൗണ്‍സ്‌മെന്‍റിനായിട്ടാണ് കൂടുതലും സമീപിച്ചത്. എന്നാല്‍ എല്ലാവര്‍ക്കും ഒരു പോലെ പോകുവാന്‍ കഴിയാത്തതിനാല്‍ ആരെയും പിണക്കേണ്ട എന്ന് കരുതി മധുരഗംഭീരമായ ശബ്ദം റെക്കാര്‍ഡ് ചെയ്താണ് നല്‍കിയത്. ഇത്തവണ 15 സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടിയത് ഈ കലാകാരന്‍റെ ശബ്ദത്തിലാണ്. പത്തനംതിട്ടയിലെ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടുവാന്‍ ഈ ശബ്ദം ഉപയോഗിച്ചിരുന്നു.
പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പരുമല പള്ളിയില്‍ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കുള്ള അറിയിപ്പും മറ്റ് ചരിത്രങ്ങളും തീര്‍ത്ഥാടക ലക്ഷങ്ങള്‍ അറിയുന്നത് ഇറ്റലിയുടെ ശബ്ദത്തിലൂടെയാണ്. ഒപ്പം പരുമല പനയന്നാര്‍കാവിലെ വിഷുമഹോത്സവത്തിലും ഉയരുന്നത് ഈ ശബ്ദമാണ്. തെരെഞ്ഞെടുപ്പിന്‍റെ കൊട്ടികലാശ ദിനമായ 21 വരെയുള്ള ഒന്നര മാസക്കാലം ഈ യുവാവിന് ഏറെ തിരിക്കായിരുന്നു. ഇത്തരം തിരക്കെല്ലാം കഴിഞ്ഞ് വിശ്രമവും നടത്തിയ ശേഷം വീണ്ടും തിരിക്കിലേക്ക് കടക്കുകയാണ്.
23 ന് ഇലക്ഷന്‍ റിസള്‍ട്ട് വരുമ്പോഴുള്ള അനൊണ്‍സ്മന്‍റിനും ഇതിനായുള്ള പാരഡി ഗാനങ്ങള്‍ തയ്യാറാക്കാനും വേണ്ടി നിരവധി പേര്‍ ഇതിനോടകം സമീപിച്ച് കഴിഞ്ഞു. ചില സ്ഥാനാര്‍ത്ഥികളുടെ പാരഡി ഗാനങ്ങള്‍ തയ്യാറാക്കുന്ന പണിപുരയിലും ആണ്. തെരഞ്ഞെടുപ്പില്‍ 15 പേര്‍ ശബ്ദം ആവശ്യപ്പെട്ടെങ്കില്‍ റിസള്‍ട്ടിന് ശേഷമുള്ള കാര്യങ്ങള്‍ക്കായി ആറ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇത് വരെ പാരഡി ഗാനങ്ങള്‍ ഉള്‍പ്പെടുന്ന അനൗണ്‍സ്‌മെന്‍റ് റെക്കാര്‍ഡ് ചെയ്ത് നല്‍കണമെന്ന് മുന്‍ കൂട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇലക്ഷന്‍ കഴിഞ്ഞ് ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം വിജയാഘോഷത്തിന്‍റെ പണിപ്പുരയിലേക്ക് നീങ്ങുവാനാണ് കൊച്ചുമോന്‍റെ നീക്കം.
