ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് തണ്ടര്‍ബോള്‍ട്ട് എന്ന് പേരിട്ട ഈ ബൈക്ക്. നാല് ഗിയറുള്ള ഈ ബൈക്ക് അതേ ഗിയറുകളില്‍ പിറകോട്ട് ഓടിക്കാനുമാകും
മലപ്പുറം: ഇലക്ട്രിക് ബൈക്ക് (Electric Bike) സ്വന്തമായി രൂപകല്‍പന ചെയ്തു നിര്‍മ്മിച്ച് താരമായ വിദ്യാര്‍ഥിയെ പരിചയപ്പെടാം. വേങ്ങര ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി കണ്ണമംഗലം കിളിനക്കോട് കാശ്മീരിലെ തച്ചപറമ്പന്‍ ഹസീബുര്‍റഹ്മാന്‍(17) ആണ് വൈദ്യുതിക്ക് ഓടുന്ന ബൈക്ക് നിര്‍മിച്ചത്.
ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് തണ്ടര്‍ബോള്‍ട്ട് എന്ന് പേരിട്ട ഈ ബൈക്ക്. നാല് ഗിയറുള്ള ഈ ബൈക്ക് അതേ ഗിയറുകളില്‍ പിറകോട്ട് ഓടിക്കാനുമാകും. 48 വോള്‍ട്ടിന്റെ ബാറ്ററിയാണ് ചാര്‍ജിനായി ഘടിപ്പിച്ചിട്ടുള്ളത്. മൂന്ന് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ ദൂരം ഓടിക്കാനാകും.
മണിക്കൂറില്‍ 25 കിലോമീറ്ററാണ് ബൈക്കിന്റെ വേഗത. പഴയ ബൈക്കിന്റെ ചേസ് വാങ്ങി രൂപമാറ്റം നടത്തിയാണ് രൂപകല്‍പ്പന ചെയ്തത്. ജി ഐ ഷീറ്റിലാണ് ബോഡി നിര്‍മിച്ചത്. ഷീറ്റ് ബെല്‍ഡ് ചെയ്ത് ആകര്‍ഷണീയമായ രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്.ബൈക്കിന്റെ ലൈറ്റുകള്‍, ഇന്‍ഡികേറ്റര്‍ തുടങ്ങിയവയെല്ലാം ആകര്‍ഷണീയമായ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
പരസഹായമില്ലാതെയാണ് ഈ ബൈക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സ്‌കൂളിലെ അധ്യാപകരാണ് പ്രോത്സാഹനമായി ആവശ്യമായ ബാറ്ററി വാങ്ങിക്കൊടുത്തത്. ഗ്ലാസ് പോളി കാര്‍ബണ്‍ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ ബോഡില്‍ സ്പീഡ്, ബാറ്ററി ചാര്‍ജ് തുടങ്ങിയവ കാണിക്കും. സാധാരണ ഇലക്ടിക് ബൈക്കുകള്‍ക്കില്ലാത്ത ഗിയര്‍ ബോക്‌സും ഇതിനുണ്ട്.
എല്‍ ടി സി 48 വോള്‍ട്ടിന്റെ ഡൈനാമിക് സിസ്റ്റവും കൂടുതല്‍ കരുത്ത് നല്‍കാന്‍ സ്ഥാപിച്ചിട്ടുണ്ട്. മികച്ച ആക്ഷനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മധ്യത്തിലായി സ്ഥാപിച്ച ഡ്യുവല്‍ സസ്‌പെന്‍ഷനാണ് കൂടുതല്‍ ആക്ഷന്‍ നല്‍കുന്നത്. രൂപകല്‍പ്പനയും സസ്‌പെന്‍ഷനും ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായകമാകുമെന്ന് ഹസീബ് പറയുന്നു.
വാഹനം ഒന്നുകൂടെ വര്‍ണാഭമാക്കിയ ശേഷം വീണ്ടും നിരത്തിലിറക്കാനാണ് പദ്ധതി.മെക്കാനിക്കലില്‍ ബിരുദമെടുത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വൈവിധ്യമുള്ള വാഹനം രൂപകല്‍പ്പന ചെയ്യണമെന്നാണ് ഈ കൊച്ചുമനസ്സിലുള്ളത്. അബ്ദുല്‍ അസീസ്, സീനത്ത് ദമ്പതികളുടെ മകനാണ് ഹസീബ്.
