ബൈക്കിൽ പോകുകയായിരുന്നവർ വാഹനത്തിൽ നിന്ന് തെറിച്ചു വീണു

 കോലിയക്കോട് (തിരുവനന്തപുരം) : ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. വെഞ്ഞാറമൂട് കോലിയക്കോടിന് സമീപമാണ് അപകടമുണ്ടായത്. ബൈപ്പാസ് റോഡിലൂടെ കടന്നു പോവുകയായിരുന്ന വാഹനങ്ങൾക്ക് മുകളിൽ പോസ്റ്റ് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ബൈക്കിൽ പോകുകയായിരുന്നവർ വാഹനത്തിൽ നിന്ന് തെറിച്ചു വീണു. അപകടത്തിൽ ആർക്കും വലിയ പരിക്കുകൾ ഇല്ല.

അതേസമയം കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയിൽ കാർ തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേർക്കാണ് പരിക്കേറ്റത്. കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം രാത്രി ഒരു മണിയോടെയായിരുന്നു അപകടം.

സെപ്തംബര്‍ 22 ന് വെണ്ടോരില്‍ ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വെണ്ടോര്‍ സ്വദേശികളായ കോവില്‍ പറമ്പില്‍ സുധയുടെ മകന്‍ ഹരികൃഷ്ണന്‍ (25), ചക്കാലമറ്റത്ത് വീട്ടില്‍ ലിയോയുടെ മകന്‍ ഷിനോള്‍ഡ് (26) എന്നിവരാണ് മരിച്ചത്. രാത്രി 9.45 നായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് വെണ്ടോര്‍ പള്ളിയുടെ മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ഇരുവരെയും പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഡ്യൂക്ക് ബൈക്ക് ഓടിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.