റവന്യൂ നിരാക്ഷേപ പത്രമില്ലാതെ നിര്‍മ്മിച്ച കടമുറികള്‍ 15 ദിവസത്തിനകം പൊളിച്ച് നീക്കാന്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ കഴിഞ്ഞ 26 ന് ഉത്തരവിട്ടിരുന്നു.
മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ പഞ്ചായത്ത് ശുചിമുറികളുടെ മുകളിലും വശങ്ങളിലുമായി നിര്‍മ്മിച്ചിരുന്ന കടമുറികള്‍ പൊളിച്ചുനീക്കണമെന്ന് കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതോടെ കെഡിഎച്ച്പി കമ്പനി മുറികളുടെ വൈദ്യുതി ബന്ധം വിഛേദിച്ചു. മൂന്നാര്‍ ടൗണിലെ ടാക്‌സി സ്റ്റാന്‍റിന് സമീപത്തും, പെരിയവാര കവലയിലും നിര്‍മ്മിച്ചിരുന്ന കടമുറികളുടെ വൈദ്യുതി ബന്ധമാണ് കമ്പനി അധിക്യതര്‍ കഴിഞ്ഞ ദിവസം വിഛേദിച്ചത്. റവന്യൂ നിരാക്ഷേപ പത്രമില്ലാതെ നിര്‍മ്മിച്ച കടമുറികള്‍ 15 ദിവസത്തിനകം പൊളിച്ച് നീക്കാന്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ കഴിഞ്ഞ 26 ന് ഉത്തരവിട്ടിരുന്നു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കളക്ടര്‍ ഷീബാ ജോര്‍ജ് പൊളിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളായ രണ്ട് പേര്‍, ഈ കടമുറികള്‍ നിര്‍മ്മിച്ചത് അനധികൃതമായാണെന്ന് കാട്ടി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.
മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ ഒ സി ഇല്ലാതെ സ്വകാര്യ വ്യക്തികള്‍ക്ക് കടമുറികള്‍ പണിയാന്‍ അനുമതി നല്‍കിയെന്നും ഇവിടേക്ക് ശുചി മുറികളില്‍ നിന്നുള്ള വൈദ്യൂതി മോഷ്ടിച്ച് എടുത്തതായും ഇക്കാരണത്താല്‍ ഇവ പൊളിക്കണമെന്നുമായിരുന്നു പരാതി. കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് മൂന്നാറിലെ വൈദ്യുതി വിതരണ ചുമതലയുള്ള കമ്പനി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് ശുചി മുറികളില്‍ നിന്നും വൈദ്യൂതി മോഷ്ടിച്ച് മുകളിലും വശത്തുമുള്ള കടമുറികളിലേക്ക് എടുത്തതായി കണ്ടെത്തിയതും ഇന്നലെ നടപടിയെടുത്തതും. 15 ദിവസത്തിനകം കടമുറികള്‍ സ്വയം പൊളിച്ചു നീക്കാനാണ് കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ഉടമകള്‍ സമയപരിധിക്കുള്ളില്‍ കടമുറികള്‍ പൊളിച്ച് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ പഞ്ചായത്ത് കടമുറികള്‍ പൊളിച്ച് മാറ്റുമെന്ന് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ വ്യക്തമാക്കി.
കൂടുതല്‍ വായനയ്ക്ക്: പഞ്ചായത്ത് ശുചിമുറിക്ക് മുകളില്‍ അനധികൃതമായി നിര്‍മ്മിച്ച കട മുറികള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവ്
