Asianet News MalayalamAsianet News Malayalam

കഴക്കൂട്ടം സബ്സ്റ്റേഷനില്‍ വെള്ളം കയറുന്നു; തിരുവനന്തപുരത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

നിലവില്‍ കഴക്കൂട്ടം സബ്സ്റ്റേഷനിൽ നിന്നുള്ള മൂന്ന് ഫീഡറുകളാണ് ഓഫ് ചെയ്തിരിക്കുന്നത്. ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം പൂര്‍ണമായി തടസപ്പെട്ടേക്കും. അങ്ങനെയെങ്കില്‍ കഴക്കൂട്ടം സബ്സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തുന്ന ടേൾസ്, മുട്ടത്തറ, വേളി എന്നീ സബ്സ്റ്റേഷനുകളുടെ പ്രവർത്തനവും നിലയ്ക്കും.

Electricity supply may be interrupted in Thiruvananthapuram city Kazhakoottam substation gets waterlogged afe
Author
First Published Oct 15, 2023, 2:15 PM IST

തിരുവനന്തപുരം:  ഇന്നലെ രാത്രി മുതൽ ആരംഭിച്ച കനത്ത മഴയെ തുടർന്ന് കഴക്കൂട്ടം 110 കെ.വി സബ്സ്റ്റേഷനില്‍ വെള്ളം കയറി. നഗരത്തില്‍ പലയിടങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് തെഎസ്ഇബി അറിയിച്ചു. പ്രതികൂല സാഹചര്യത്തിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള കഠിന പ്രയത്നം തുടരുന്നതായി കെഎസ്ഇബി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

കഴക്കൂട്ടം 110 കെ.വി സബ്സ്റ്റേഷന് സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നാണ് സബ്സ്റ്റേഷനിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുന്നത്. തുടര്‍ന്ന്  സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനിൽ നിന്നുമുള്ള മൂന്ന് ഫീഡറുകള്‍ ഓഫ് ചെയ്തു. കുഴിവിള , യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകളാണ് സ്വിച്ച് ഓഫ് ചെയ്തത്. ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂർ,  ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ മറ്റു മാർഗ്ഗങ്ങളിലൂടെ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു.

Read also: മഴ അതിതീവ്രമാകും; ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്, പുതുക്കിയ മുന്നറിയിപ്പിങ്ങനെ..

ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവയ്ക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതര്‍ പറയുന്നു. അങ്ങനെ സബ്‍സ്റ്റേഷന്‍ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിയാല്‍ കഴക്കുട്ടം, കാര്യവട്ടം, പാങ്ങപ്പാറ,  ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിലാകെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങും. കൂടാതെ കഴക്കൂട്ടം സബ്സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തുന്ന ടേൾസ്, മുട്ടത്തറ, വേളി എന്നീ സബ്സ്റ്റേഷനുകളുടെ പ്രവർത്തനവും പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമുണ്ട്. 

പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള കഠിന പ്രയത്നത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാരെന്നും. ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നതായും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും കെഎസ്ഇബി അറിയിച്ചു. കഴക്കൂട്ടം മേഖലയില്‍ ടെക്നോപാര്‍ക്ക് ഉള്‍പ്പെടെ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് പലരെയും ഒഴിപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരം ജില്ലയിൽ ശരാശരി 180 മില്ലീ മീറ്റര്‍ മഴ പെയ്തുവെന്നാണ് അവലോകന യോഗത്തിന് ശേഷം റവന്യൂ മന്ത്രി അറിയിച്ചത്. നിലവില്‍ 17 ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. ഇതില്‍ 15 ക്യാമ്പുകളും നഗരത്തിലാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 572 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈന് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios